തിരുവനന്തപുരം: ആത്മസമർപ്പണത്തിന്റെ ഓർമ്മ പുതുക്കി ബലി പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങി വിശ്വാസികൾ. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് പെരുന്നാൾ. ഹജ്ജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ.
സംസ്ഥാനത്ത് നാളെയാണ് ബലി പെരുന്നാൾ. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക. പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക നമസ്കാരം നടക്കും. പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് രണ്ട് ദിവസത്തെ അവധി നിശ്ചയിച്ചത്.
പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓർമ്മപുതുക്കലാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകൽ ഇസ്മായേലിനെ ദൈവ കൽപ്പനപ്രകാരം ബലികൊടുക്കാൻ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗസന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നൽകാൻ ദൈവം നിർദേശിച്ചതായാണ് വിശ്വാസം. നാളെ ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ബലികർമ്മം നിർവ്വഹിക്കും. പിന്നീട് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കണ്ട് പെരുന്നാൾ ആശംസകൾ നേർന്ന് ആഘോഷത്തിലേക്ക് കടക്കും.