Pravasimalayaly

ത്രില്ലർ പോരാട്ടത്തിൽ ഹോളണ്ട്

പൊരുതിക്കളിച്ച യുക്രൈനെ തകര്‍ത്ത്‌ ഹോളണ്ട്‌ യൂറോ കപ്പില്‍ വിജയത്തോടെ തുടങ്ങി. അഞ്ചു ഗോളുകള്‍ പിറന്ന യൂറോ കപ്പ്‌ ഗ്രൂപ്പ്‌ സി മത്സരത്തില്‍ ഹോളണ്ട്‌ 3-2നാണ്‌ യുക്രൈനെ തോല്‍പിച്ചത്‌. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു അഞ്ചു ഗോളുകളും പിറന്നത്‌. വിനാല്‍ഡം (52), വൗട്ട്‌ വെഗ്‌ഹോഴ്‌സ്റ്റ്‌ (58) എന്നിവരുടെ ഗോളുകളിലൂടെ രണ്ടു ഗോളിന്റെ ലിഡെടുത്ത ഹോളണ്ടിനെ ഞെട്ടിച്ച്‌ യുക്രൈന്‍ സമനില പിടിച്ചു. 75-ാം മിനിറ്റില്‍ ആന്‍ഡ്രി യാമൊലെങ്കോയും 79-ാം മിനിറ്റില്‍ റോമന്‍ ആരേചുക്കും യുക്രൈനായി ഗോളുകള്‍ നേടി. എന്നാല്‍ ആക്രമണം തുടര്‍ന്ന ഹോളണ്ട്‌ ഒടുവില്‍ വിജയഗോള്‍ കണ്ടെത്തി. കളി ആവേശത്തിലേക്കുയര്‍ന്നതോടെ 85-ാം മിനിറ്റില്‍ ഡെന്‍സല്‍ ഡെംഫ്രസ്‌ ആണ്‌ ഹോളണ്ടിന്റെ വിജയഗോള്‍ കണ്ടെത്തിയത്‌. ആദ്യ രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കിയതും
ഡെംഫ്രസ്‌ ആയിരുന്നു. ഭൂരിഭാഗം സമയവും പന്തിനുമേല്‍ ആധിപത്യം പുലര്‍ത്തിയത്‌ ഹോളണ്ടായിരുന്നു. എങ്കിലും ഹോളണ്ടിന്‌ യുക്രൈന്‍ വലിയ വെല്ലുവിളിയാണുയര്‍ത്തിയത്‌. ആദ്യപകുതിയില്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ആര്‍ക്കും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഹോളണ്ട്‌ കളിക്കു വേഗംകൂട്ടി. ആദ്യപകുതിയിലേതിനെക്കാള്‍ പന്തവകാശം നേടിക്കളിച്ചതോടെയാണ്‌ വിനാല്‍ഡത്തിനും വെഗ്‌ഹോഴ്‌സ്റ്റിനും ഗോള്‍നേടാന്‍ സാധിച്ചത്‌.
മുന്‍ സൂപ്പര്‍താരം ആന്ദ്രെ ഷെവ്‌ചെങ്കോ പരിശീലിപ്പിക്കുന്ന യുക്രൈന്‍ ഉജ്വല പോരാട്ടത്തിനൊടുവിലാണ്‌ കീഴടങ്ങിയത്‌.
ഏഴ്‌ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രധാന ടൂര്‍ണമെന്റ്‌ കളിക്കുന്ന ഹോളണ്ടിന്‌ മികച്ച തുടക്കമാണ്‌ ടുര്‍ണമെന്റില്‍ ലഭിച്ചിരിക്കുന്നത്‌. 2014 ലോകകപ്പ്‌ സെമി ഫൈനലാണ്‌ ഓറഞ്ച്‌ പട ഇതിനു മുമ്പ്‌ കളിച്ച പ്രധാന മത്സരം.

Exit mobile version