ദളിതരുടെ പ്രശ്‌നങ്ങള്‍ വിസ്മരിക്കാന്‍ സാധിക്കില്ല, എല്ലാവര്‍ക്കും ഹര്‍ത്താല്‍ നടത്താന്‍ അവകാശമുണ്ട് : കാനം

0
28

ദളിത് ഹര്‍ത്താലില്‍ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാവര്‍ക്കും ഹര്‍ത്താല്‍ നടത്തുന്നതിനുള്ള അവകാശമുണ്ട്. ദളിതരുടെ പ്രശ്‌നങ്ങള്‍ വിസ്മരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. ഇതോടെ ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടു. തലസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് വിവിധ ദളിത് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ഇതും പരിഗണിച്ചാണ് കെഎസ്ആര്‍ടിയോട് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലീസ് നിര്‍ദേശിച്ചത്.

അതേസമയം കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനെ കൂടാതെ മറ്റു പല ദളിത് നേതാക്കളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.എസ് മുരളി, വി.എസ് ജെന്നി തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു. കൊച്ചിയില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലുള്ളതിനാല്‍ പോലീസ് വന്‍ സുരക്ഷയാണ് ജില്ലയില്‍ ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply