ദിലീപിനെ തിരിച്ചെടുക്കുക വഴി സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് ‘അമ്മ’: എം.എ ബേബി

0
24

തിരുവന്തപുരം: ദിലീപിനെ തിരിച്ചെടുക്കുക വഴി ആധുനിക കേരള സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് ‘അമ്മ’ സംഘടനയെന്ന് എം.എ ബേബി.

ഒരു സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരില്‍ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നില്‍ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന തലമുറയുടെ നിര്‍ബന്ധത്തെ കൂടെ തുടര്‍ന്നാണിത് സംഭവിച്ചത്.

ശുജാഅത് ബുഖാരിയുടെ കൊലപാതകികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്; പ്രതികളിലൊരാള്‍ പാക് പൗരന്‍

പക്ഷേ, ഇപ്പോള്‍ ഈ നടനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിലൂടെ ആധുനിക കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അഭിനേതാക്കളുടെ ഈ സംഘടന.

ഇതൊക്കെ ഈ സംഘടനയുടെ ആഭ്യന്തര കാര്യമല്ലേ എന്ന് കരുതുന്നവരുണ്ടാകും. പക്ഷേ, കേരളസമൂഹത്തിന്റെ വലിയ ആദരവ് നേടുന്നവരാണ് ഇതിലെ അംഗങ്ങള്‍. അവരുടെ ഓരോ പ്രവൃത്തിയും സമൂഹത്തെ ആകെ സ്വാധീനിക്കുന്നു. അതിനാല്‍ പൊതുസമൂഹം ഇക്കാര്യത്തില്‍ അഭിപ്രായം പറയുക സ്വാഭാവികമാണെന്നും എം.എ ബേബി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അഭിനേതാക്കളുടെ സംഘടനയുടെ ഒരു പരിപാടിയില്‍ സ്ത്രീകളെ ആക്ഷേപിച്ച് നടത്തിയ നാടകം ജീര്‍ണ മാനസികാവസ്ഥയോടെയാണ് എന്നതും പറയാതിരിക്കാനാവില്ല.

മലയാളിയുടെ പൊതുബോധം കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്ന് ലോകത്തോട് പറയുന്നതായിപ്പോയി ഇത്. വെള്ളിത്തിരയിലെ ആരാധ്യരുടെ ലോകവീക്ഷണം ഇത്തരത്തില്‍ ജീര്‍ണമാണ് എങ്കില്‍ അത് സ്വാധീനിക്കുന്ന മനുഷ്യരുടെ ലോകവീക്ഷണം എന്താകുമെന്നും എം.എ ബേബി ചോദിക്കുന്നു.

‘അമ്മ’യുടെ ഭാഗമായ ഒരാളുടെയും സിനിമ ഇനി കാണില്ല; ഇവരുടെ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും സഹകരിക്കില്ല: ഹരീഷ് വാസുദേവന്‍

സ്ത്രീ വീട്ടുപകരണവും ലൈംഗികവസ്തുവും മാത്രം എന്ന ബോധം സമൂഹത്തില്‍ നിലനില്ക്കാന്‍ ഇതു കാരണമാകും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഈ പൊതുബോധമാണ്.

ഇവയില്‍ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്കുമെന്നും എം.എ ബേബി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലെ പുരുഷാധിപത്യബോധം ചിലരുടെ വ്യക്തിപരമായ ഒരു പ്രശ്‌നമല്ല. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന ഒന്നാണത്. അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മള്‍ ഒരു ആധുനിക സമൂഹമാവില്ല.

മലയാളിയുടെ പുരുഷാധിപത്യ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതില്‍ സിനിമ വഹിച്ച പങ്ക് വളരെ കൂടുതലാണ്. പക്ഷേ, ഇന്നത് വെല്ലുവിളിക്കപ്പെടുന്നു. കാഴ്ചക്കാരിലെയും സിനിമയുണ്ടാക്കുന്നവരിലെയും പുതുതലമുറ ഈ പുരുഷാധിപത്യത്തെ സഹിക്കാന്‍ തയ്യാറല്ല. നിര്‍ഭാഗ്യവശാല്‍, നമ്മുടെ സിനിമാ ലോകത്തെ മുതിര്‍ന്ന പൌരര്‍ മാറിയ കാലത്തിന്റെ ഈ ചുവരെഴുത്ത് കാണുന്നില്ല.

ഒരു സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരില്‍ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നില്‍ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന തലമുറയുടെ നിര്‍ബന്ധത്തെ കൂടെ തുടര്‍ന്നാണിത് സംഭവിച്ചത്. പക്ഷേ, ഇപ്പോള്‍ ഈ നടനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിലൂടെ ആധുനിക കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അഭിനേതാക്കളുടെ ഈ സംഘടന ചെയ്തിരിക്കുന്നത്.

ഇതൊക്കെ ഈ സംഘടനയുടെ ആഭ്യന്തര കാര്യമല്ലേ എന്ന് കരുതുന്നവരുണ്ടാകും. പക്ഷേ, കേരളസമൂഹത്തിന്റെ വലിയ ആദരവ് നേടുന്നവരാണ് ഇതിലെ അംഗങ്ങള്‍. അവരുടെ ഓരോ പ്രവൃത്തിയും സമൂഹത്തെ ആകെ സ്വാധീനിക്കുന്നു. അതിനാല്‍ പൊതുസമൂഹം ഇക്കാര്യത്തില്‍ അഭിപ്രായം പറയുക സ്വാഭാവികമാണ്

അഭിനേതാക്കളുടെ സംഘടനയുടെ ഒരു പരിപാടിയില്‍ സ്ത്രീകളെ ആക്ഷേപിച്ച് നടത്തിയ നാടകം ജീര്‍ണ മാനസികാവസ്ഥയോടെയാണ് എന്നതും പറയാതിരിക്കാനാവില്ല.. മലയാളിയുടെ പൊതുബോധം കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്ന് ലോകത്തോട് പറയുന്നതായിപ്പോയി ഇത്. വെള്ളിത്തിരയിലെ ആരാധ്യരുടെ ലോകവീക്ഷണം ഇത്തരത്തില്‍ ജീര്‍ണമാണ് എങ്കില്‍ അത് സ്വാധീനിക്കുന്ന മനുഷ്യരുടെ ലോകവീക്ഷണം എന്താകും? സ്ത്രീ വീട്ടുപകരണവും ലൈംഗികവസ്തുവും മാത്രം എന്ന ബോധം സമൂഹത്തില്‍ നിലനില്ക്കാന്‍ ഇതു കാരണമാകും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഈ പൊതുബോധമാണ്.

ഇവയില്‍ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്കും..

അഭിനേതാക്കളുടെ സംഘടനയും ഇവരുടെ കൂടെ അഭിപ്രായം പരിഗണിച്ച് തങ്ങളുടെ തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു.

Leave a Reply