Sunday, January 19, 2025
HomeNewsKeralaദിലീപിനെ തിരിച്ചെടുത്തത് തെറ്റ്, താരസംഘടന സാമൂഹ്യബോധം ഉള്‍ക്കൊള്ളണം: സിപിഎം

ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്, താരസംഘടന സാമൂഹ്യബോധം ഉള്‍ക്കൊള്ളണം: സിപിഎം

തിരുവനന്തപുരം: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഒരു നടിക്ക് നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ, നേരത്തെ അമ്മ’യില്‍ നിന്ന് പുറത്താക്കിയിരുന്നു. ദിലീപ് പ്രതിയായ കേസ് നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു

ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത് ഈ നടപടിയാണ്. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനമെന്നും സിപിഎം പറയുന്നു

ഈ യാഥാര്‍ത്ഥ്യം അമ്മ’ ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന് കരുതുന്നതായും സിപിഎം പറയുന്നു

ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്.

ഏത് മേഖലയിലായാലും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ് ഇടതുപക്ഷ നിലപാട്. നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ച്, നിഷ്പക്ഷവും ധീരവുമായ നിലപാടാണ് ഇടതുപക്ഷവും, എല്‍.ഡി.എഫ് സര്‍ക്കാരും കൈക്കൊണ്ടത്. ഈ കാര്യങ്ങള്‍ കേരള ജനതയ്ക്ക് നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്ക്കുന്നവരുടെ നിഗൂഢ താത്പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്പര്യപൂര്‍വ്വം അംഗീകരിക്കുന്ന സിനിമ’ എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും അമ്മ എന്ന സംഘടന പരിശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments