തിരുവനന്തപുരം: മോഹന്‍ലാല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമെന്ന് വി. മുരളീധരന്‍ എംപി. അമ്മയില്‍ നിന്നും ആക്രമണത്തിനിരയായ നടിയും മൂന്ന് അഭിനേത്രികളും രാജിവെക്കാന്‍ ഇടയായ സാഹചര്യം ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍ അധ്യക്ഷനെന്ന നിലയില്‍ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. മോഹന്‍ലാല്‍ എന്ന മഹാനായ നടന്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ശ്രീ മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്.
ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത് കൊണ്ട്, അക്കാര്യത്തില്‍ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. എല്ലാവരും തുല്യര്‍ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലര്‍ മറ്റുള്ളവരെക്കാള്‍ വലിയവര്‍ എന്ന സ്ഥിതിയാണ് അമ്മയില്‍ നിലനില്‍ക്കുന്നത് എന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍, അധ്യക്ഷനെന്ന നിലയില്‍ ശ്രീ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്.