Pravasimalayaly

ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കല്‍ : നഷ്ടപരിഹാരം മൂന്നിരട്ടിയാക്കാനൊരുങ്ങി സര്‍ക്കാര്‍

കൊച്ചി:ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ, നഷ്ടപരിഹാരത്തുക കുത്തനെ കൂട്ടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ, നാലുവരിയാക്കാനായി വിട്ടുകൊടുക്കുന്ന ഭൂമിക്കും കെട്ടിടത്തിനും മരങ്ങള്‍ക്കും വിപണിവിലയുടെ മൂന്നിരട്ടിവരെ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയൊരുങ്ങി. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലനിര്‍ണയം നടത്താനുള്ള നിര്‍ദേശം ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് എവിടെ ഭൂമിയേറ്റെടുത്താലും ഇതേ നിബന്ധനകള്‍ ബാധകമാണ്. ഭൂമിയേറ്റെടുക്കലും പുനരധിവാസവും സുതാര്യമായി നടത്താനുള്ള 2013-ലെ കേന്ദ്ര നിയമപ്രകാരമാണ് തീരുമാനം. പുതിയ നിര്‍ദേശ പ്രകാരം 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഭൂമിയുടെ നഷ്ടപരിഹാരം 1.14 കോടി രൂപ വരാമെന്ന് സര്‍ക്കാര്‍ നല്‍കിയ ചാര്‍ട്ടില്‍ വ്യക്തമാക്കുന്നു. കെട്ടിടവും മരങ്ങളും ഇല്ലാത്ത ഭൂമിയാണെങ്കില്‍ ഈ തുകയില്‍ കുറവ് ഉണ്ടാകാം.

പുതിയ കെട്ടിടങ്ങളാണെങ്കില്‍ തുകയില്‍ വര്‍ധനയുണ്ടാകും. കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവരും അവരുടെ തൊഴിലാളികളും ഉള്‍പ്പെടെ ദേശീയപാതയോരത്ത് ജീവിക്കുന്നവരുടെ പുനരധിവാസത്തിന് പാക്കേജുണ്ടാകും. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Exit mobile version