Pravasimalayaly

ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പുരസ്‌കാര ജേതാക്കള്‍, നിലപാട് മാറ്റാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പുരസ്‌കാര ജേതാക്കള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരുസംഘം അവാര്‍ഡ് ജേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. കത്തില്‍ മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയ ഗാനഗന്ധര്‍വന്‍ യേശുദാസ്, നടന്‍ ഫഹദ് ഫാസില്‍, നടി പാര്‍വതി, സംവിധായകന്‍ ജയരാജ്, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ തുടങ്ങിയവര്‍ ഒപ്പിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് നടി പാര്‍വതിയും ആവശ്യപ്പെട്ടു.

രാഷ്ട്രപതി 11 പേര്‍ക്ക് മാത്രം അവാര്‍ഡ് സമ്മാനിക്കുമെന്നും, ശേഷിക്കുന്നവര്‍ക്ക് വാര്‍ത്താവിതരണ വകുപ്പുമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാര ജേതാക്കളുടെ കത്ത്. രാഷ്ട്രപതിയ്ക്ക് പകരം ഉപരാഷ്ട്രപതി അവാര്‍ഡ് നല്‍കിയാലും സ്വീകരിക്കാമെന്നും പ്രതിഷേധക്കാര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. രാഷ്ട്രപതി 11 അവാര്‍ഡുകള്‍ മാത്രമേ രാഷ്ട്രപതി വിതരണം ചെയ്യുകയുള്ളൂ. ഭരണഘടനാ പരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി കുറച്ച് സമയം മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ. ഇതുസംബന്ധിച്ച പുതിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് നിലവില്‍ വന്നതെന്നും കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയം വ്യക്തമാക്കി.

Exit mobile version