Pravasimalayaly

ദേശീയ പുരസ്കാര നിറവിലും പ്രതിഷേധവുമായി പാർവതി

ഡൽഹി: ദേശീയ പുരസ്കാര നിറവിലും പ്രതിഷേധവുമായി പാർവതി. ജമ്മുവിലെ കഠ്‍വ ജില്ലയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാന ഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊന്ന സംഭവത്തിലാണ് പ്രതിഷേധമറിയിച്ച് നടി രംഗത്തെത്തിയിരിക്കുന്നത്. ‘ഞാൻ ഹിന്ദുസ്ഥാൻ, ഞാൻ ലജ്ജിക്കുന്നു, എട്ടുവയസ്സുകാരി കൂട്ടമാനഭംഗം ചെയ്യപ്പെട്ടു, ‘ദേവി’സ്ഥാനിൽ കൊല്ലപ്പെട്ടു’ എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയുള്ള ചിത്രം പാര്‍വതി ട്വിറ്ററിലൂടെ പങ്കുവെച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം കിട്ടിയപ്പോഴാണു നടിയുടെ പ്രതികരണം. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണു പാർവതി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഠ്‍വ, ഉത്തർപ്രദേശിലെ ഉന്നാവ് പീഡനങ്ങള്‍ക്കെതിരെയുള്ള ഹാഷ്ടാഗ് സഹിതമുള്ള പോസ്റ്റിൽ താരം ദേശീയ അവാർഡിനെ സംബന്ധിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടേയില്ല. മൗനം വെടിഞ്ഞ് ഉടൻ പ്രവർത്തന സജ്ജമാകണമെന്നും പാർവതി ആഹ്വാനം ചെയ്യുന്നു. ട്വിറ്ററിൽ സജീവമായി മാറുന്ന ക്യാംപെയ്നിൽ വിവിധ രാഷ്ട്രീയ നേതാക്കൾ, കായിക, ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കുചേരുന്നുണ്ട്.

Exit mobile version