Pravasimalayaly

ദേശീയ പുരസ്‌ക്കാര വേദിയില്‍ നടന്നത് ജേതാക്കളെ നിരാശരാക്കിയതിന്റെ സ്വാഭാവിക പ്രതികരണം മാത്രം; ഇന്ദ്രന്‍സ്

കാസര്‍കോട്: ദേശീയ പുരസ്‌ക്കാര വേദിയില്‍ നടന്നത് സ്വാഭാവിക പ്രതികരണമാണെന്ന് സംസ്ഥാന പുരസ്‌ക്കാര ജേതാവ് ഇന്ദ്രന്‍സ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കിയതായും അദ്ദേഹം പറഞ്ഞു.

കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരസ്‌ക്കാരം സ്വീകരിക്കാന്‍ എത്തിയ ജേതാക്കളോട് രാഷ്ട്രപതി അവാര്‍ഡ് കൊടുക്കുമെന്നു പറഞ്ഞതിനു ശേഷം നല്‍കില്ലെന്നു മണിക്കൂറുകള്‍ക്ക് മുമ്പ് അറിയിച്ചതാണ് പുരസ്‌കാര ജേതാക്കള്‍ക്കു വിഷമുണ്ടാക്കിയത്. ആ വിഷമത്തിന്റെ സ്വാഭാവിക പ്രതികരണമെന്ന നിലയിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇന്ദ്രന്‍സ് പറഞ്ഞു.

പുരസ്‌കാരം സമ്മാനിക്കുന്നതില്‍ രാഷ്ട്രപതിക്കു പ്രശ്നമുണ്ടായിരുന്നെങ്കില്‍ ഉപരാഷ്ട്രപതിയായിരുന്നു നല്‍കേണ്ടിയിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടായിരുന്നു 65 ാമത് ദേശീയ അവാര്‍ഡ് പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം പുരസ്‌കാര വിതരണം രാഷ്ട്രപതി നിര്‍വഹിച്ചു പോന്നിരുന്ന കീഴ്‌വഴക്കം മാറ്റി, പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കുന്ന തീരുമാനം അവസാന നിമിഷം കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് 55 ഓളം പേര്‍ ബഹിഷ്‌കരിച്ചത്.

11 പേര്‍ ഒഴികെ മറ്റെല്ലാവര്‍ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ് വര്‍ധന്‍ സിങ് റാത്തോറും ചേര്‍ന്നായിരുന്നു ഉപഹാരം നല്‍കിയിരുന്നത്. ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിന്റേയും സംവിധായകന്‍ ജയരാജിന്റേയും നടപടിയെ വിമര്‍ശിച്ച് മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സനല്‍കുമാര്‍ ശശിധരനും സംവിധായകന്‍ കമലും നജീം കോയയും ഉള്‍പ്പെടെ ഇവരുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തിയിരുന്നു.

Exit mobile version