രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ മറ്റൊരു തമിഴ് സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയത്തിലേക്ക്. നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പിതാവ് എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കൂടിയാ ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്.
‘ഉചിതമായ സമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് വരും. വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കും. സാമൂഹികകാര്യങ്ങളില്‍ ഇടപെടാന്‍ ഞാന്‍ അവന് പരിശീലനം നല്‍കിയിട്ടുണ്ട്. രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങി. അവരുമായി തുലനംചെയ്യുമ്പോള്‍ വിജയ് എത്രയോ ജൂനിയര്‍ ആണ്. അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴകരാഷ്ട്രീയം താരങ്ങളെക്കൊണ്ട് നിറയും’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം വിജയ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹം അദ്ദേഹം നിഷേധിച്ചു. സംസ്ഥാനത്ത് മികച്ച നേതാക്കള്‍ വിരളമാണ്. കമല്‍ഹാസനും രജനീകാന്തും ഒറ്റക്കെട്ടായി രംഗത്തിറങ്ങി മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. അടുത്ത 15 വര്‍ഷത്തേക്ക് തമിഴകം ഭരിക്കാനുമാകും. എന്നാല്‍, ഇരുവരും വ്യത്യസ്തമായി മത്സരിച്ചാല്‍ പഴയ പാര്‍ട്ടികള്‍തന്നെ ഭരണം തിരിച്ചുപിടിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.