ബംഗളൂരു: നടിയും വൈഎസ്ആര്‍സിപി എംഎല്‍എയുമായ റോജയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി ടിഡിപി നിയസഭ കൗണ്‍സില്‍ അംഗം ബുദ്ധ വെങ്കണ്ണ. ചെറുപ്പക്കാര്‍ റോജയുടെ ‘ജബര്‍ധസ്റ്റ്’ പരിപാടിയും ‘നീലചിത്രങ്ങളും’ കണ്ട് വഴി തെറ്റുകയാണെന്ന് ബുദ്ധ വെങ്കണ്ണ പറഞ്ഞു. തെലുഗു ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റോജ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെയ് രണ്ടാം തിയതി ഗുണ്ടൂരില്‍ ഒമ്പത് വയസ്സുകാരി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്നതിനിടെ ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആരെങ്കിലും ചെയ്താല്‍ അവര്‍ക്ക് ജീവനോടെയിരിക്കാന്‍ അവകാശമില്ലെന്നും അത് അവരുടെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്നു ഓര്‍ത്തോളു എന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. പ്രതികള്‍ വൈ.എസ്.ആര്‍.സി.പിയ്ക്കു അറിയാവുന്നവരാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കുട്ടികള്‍ക്ക് നേരെ ഇത്തരം ക്രൂരതകള്‍ സംഭവിക്കുമ്പോള്‍ വൈഎസ്ആര്‍സിപിയുടെ പുറത്ത് പഴി ചാരാതെ മുഖ്യമന്ത്രി സ്വയം ഇതിന്‍റെ ഉത്തരവാദിത്യം ഏറ്റെടുക്കണം എന്ന പരാമര്‍ശവുമായി റോജ രംഗത്തെത്തി. ഇത്തരം സാഹചര്യങ്ങളെ മുഖ്യമന്ത്രി രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും റോജ അഭിപ്രായപ്പെട്ടു. ഇതിനു മറുപടിയെന്നോണമാണ് എം.എല്‍.എ റോജ തെലുഗു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും വൈ.എസ്.ആര്‍.സി.പി ലീഡറായ ജഗന്‍ റെഡഡി അവരെ വെറുതെ തുറന്നു വിട്ടിരിക്കുകയാണെന്നും പറഞ്ഞത്. മുഖ്യമന്ത്രിയ്ക്കെതിരെ എം.എല്‍ .എ സംസാരിച്ചതാണ് ടി.ഡി.പി യെ ഇത്രയധികം ചൊടിപ്പിച്ചത്.
എന്നാല്‍ റോജയെ അനുകൂലിച്ചു വൈ.എസ്.ആര്‍.സി.പി വക്താവായ എന്‍.പത്മജ പുറത്തുവന്നു.
“ഇത് ടി.ഡി.പി യുടെ അസഹിഷ്ണതയും സ്ത്രീകളോടുള്ള കാഴ്ച്ചപ്പടുമാണ് വ്യക്തമാക്കുന്നത്. ഇത്തരം അശ്ലീലമായ സംസാരത്തിലൂടെ അവര്‍ സ്വന്തം കൊള്ളരുതായ്മകള്‍ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്.”തിങ്കളാഴ്ച ഹൈദെരാബാദില്‍ വെച്ച മാധ്യമങ്ങളോട് സംസാരിക്കവേ പത്മജ അഭിപ്രായപ്പെട്ടു.