Pravasimalayaly

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിത ജഡ്ജി ഇല്ല, പ്രത്യേക കോടതി വേണമെന്ന ആവശ്യവും കോടതി തളളി

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന ആവശ്യം കോടതി തളളി. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യവും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി അനുവദിച്ചില്ല. ആക്രമണത്തിന് ഇരയായ നടിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകന് കോടതിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ അനുമതി നല്‍കി.

കേസുമായി ബന്ധപ്പെട്ടുളള കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി മാറ്റിവെച്ചിരുന്നു. ഹര്‍ജി ജൂണ്‍ 27ന് പരിഗണിക്കും.

ഇതിനിടെ കേസിലെ പ്രതിയായ അഭിഭാഷകന്‍ പ്രദീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി മാറ്റിവെച്ചിട്ടുണ്ട്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ടശേഷമാകും കോടതി വിധി പ്രസ്താവിക്കുക.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്.

Exit mobile version