കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ നടിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിക്കേണ്ടതുണ്ട്. ഇത്രയും വര്‍ഷമായി പ്രതി ജയിലില്‍ കിടന്നു എന്നതുകൊണ്ടു മാത്രം മോചനത്തിന് കാരണമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കു മേല്‍ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നടന്‍ ദിലീപിന്റെ ക്രിമിനല്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിലിട്ട് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 മാര്‍ച്ചില്‍ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.