Pravasimalayaly

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നല്‍കിയിരിക്കുന്നത്.

കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. നേരത്തെ ദിലീപിന്റെ അമ്മയും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസില്‍ 2017 ജൂലൈ 10 ന് അറസ്റ്റിലായ ദിലീപിന് ഒക്ടോബര്‍ 3 നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചിരുന്നു. സിനിമാചിത്രീകരണവുമായി വിദേശത്തേക്ക് പോകാനാണ് ജാമ്യവ്യവസ്ഥയില്‍ ദിലീപ് ഇളവ് ആവശ്യപ്പെട്ടത്.

എന്നാല്‍ മഴമൂലം ഷൂട്ടിംഗ് മാറ്റിവെച്ചതിനാല്‍ ഹരജി പിന്‍വലിക്കുകയായിരുന്നു. കേസില്‍ ജാമ്യം ലഭിച്ചശേഷം ദിലീപ് രണ്ടാം തവണയാണു ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. ദുബായില്‍ സ്വന്തം വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് ആദ്യ തവണ കോടതി ഇളവ് അനുവദിച്ചിരുന്നു.

Exit mobile version