Pravasimalayaly

നയം വ്യക്തമാക്കാന്‍ വിജയ്, തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്

നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. വലിയ ഒരുക്കങ്ങളാണ് സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.

വിഴുപ്പുറത്തെ 85 ഏക്കറിലുള്ള വിശാലമായ മൈതാനത്താണ് സമ്മേളനം നടത്തുന്നത്. 170 അടി നീളത്തിലും 65 അടി വീതിയിലുമാണ് പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട് സെക്രട്ടറിയേറ്റിന് സമാനമായ രീതിയിലാണ് സ്റ്റേജ്. പെരിയാറിന്റെയും അംബേദ്കറിന്റെയുമുള്‍പ്പടെ കട്ടൗട്ടുകളും സമ്മേളന നഗരിയില്‍ സ്ഥാപിച്ചിട്ടുണ്ട്. 27 വളണ്ടിയര്‍ ടീമുകളെയാണ് പരിപാടിയുടെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്.

പാര്‍ട്ടി നയം ഇന്ന് വിജയ് സമ്മേളനത്തില്‍ പ്രഖ്യാപിക്കും. തമിഴകത്തിന്റെ മകനാണ് താനെന്ന് വിജയ് പ്രവര്‍ത്തകര്‍ക്കെഴുതിയ കത്തില്‍ ഊന്നി പറയുന്നുണ്ട്. തമിഴ് വികാരം ഉണര്‍ത്തുന്ന പ്രസംഗത്തിന് തന്നെയാണ് സാധ്യത. മറ്റു പാര്‍ട്ടികളെ കുറിച്ച് നേരിട്ടുള്ള വിമര്‍ശനത്തിലേക്ക് കടക്കുമോയെന്ന് കാത്തിരുന്ന് കാണണം. ദേശീയ തലത്തിലെ നിലപാടും പ്രസക്തമാകും. 2026ലെ തെരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചു കഴിഞ്ഞു.

വിജയുടെ പാര്‍ട്ടി രൂപീകരണത്തില്‍ ഡിഎംകെ നേതാക്കള്‍ക്ക് മൗനമാണ്. എഡിഎംകെ വിജയ്‌യെ പിന്തുണയ്ക്കുമ്പോള്‍ ബിജെപി വിമര്‍ശനമുയര്‍ത്തുന്നു.

Exit mobile version