നരബലി: ഷാഫി ഒരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈലയുടെ മൊഴി

0
38

കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി.

അതേസമയം, ഈ മൊഴിയുമായി ബന്ധപ്പെട്ട് ഇതുവരെ തെളിവു കിട്ടിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ഭാഷ്യം. മുഹമ്മദ് ഷാഫിയും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഭഗവൽ സിങ്ങിനെയും ലൈലയെയും സ്വാധീനിക്കുന്നതിനാണ് ഒരാളെ മുൻപ് കൊലപ്പെടുത്തിയതായി പറഞ്ഞതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഷാഫി. 

പത്മ, റോസ്‌ലി എന്നിവരുടെ കൊലപാതകങ്ങളാണ് നിലവില്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുള്ളത്. മൂന്നാമത് ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനിടയിലാണ് ലൈല മൊഴി നല്‍കുന്നത്. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്ന് ഷാഫി തന്നോട് പറഞ്ഞതായി ലൈല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിൽ പറയുന്നു.

കൊലപാതക ശേഷം അവയവങ്ങള്‍ താന്‍ വിറ്റതായും ഷാഫി പറഞ്ഞതായി ലൈല മൊഴി നല്‍കി. ഇതിന് പിന്നാലെ ഷാഫിയുടെ മൊഴിയെടുത്തപ്പോഴാണ് ഷാഫി ഇക്കാര്യങ്ങളെ തള്ളിപ്പറഞ്ഞത്. ലൈലയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിന് വേണ്ടി താന്‍ കള്ളം പറഞ്ഞെന്നാണ് ഷാഫി മൊഴി നല്‍കിയിരിക്കുന്നത്.

ഷാഫി ജയിലിലുണ്ടായ സമയത്ത് ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ദുര്‍മന്ത്രവാദം ചെയ്തിരുന്ന ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply