Pravasimalayaly

നാട് ഉത്രാടപ്പാച്ചിലിലേക്ക്; ഇന്ന് ഒന്നാം ഓണം

ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്.

‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്.

ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്.

Exit mobile version