നാണംകെട്ട അവാര്‍ഡ് യേശുദാസും ജയരാജും എറ്റുവാങ്ങി, ഫഹദും പാര്‍വ്വതിയും അടക്കം അവാര്‍ഡ് ജേതാക്കള്‍ പങ്കെടുത്തില്ല

0
31

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും ചടങ്ങില്‍ പങ്കെടുത്തു. ഫഹദ് ഫാസിലും പാര്‍വ്വതിയും വിട്ടുനിന്നു. മികച്ച ഗായകനുളള അവാര്‍ഡ് കെ.ജെ.യേശുദാസും മികച്ച സംവിധായകനുളള അവാര്‍ഡ് ജയരാജും രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നും ഏറ്റുവാങ്ങി. അവാര്‍ഡ്ദാന ചടങ്ങില്‍നിന്നും വിട്ടുനിന്നവരുടെ പേര് ലിസ്റ്റില്‍നിന്നും ഒഴിവാക്കിയാണ് പുരസ്‌കാരദാനം നടത്തിയത്.

ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് യേശുദാസും ജയരാജും നേരത്തെ അറിയിച്ചിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനു താല്‍പര്യമില്ല. വിവേചനത്തില്‍ പ്രതിഷേധിച്ചാണ് നിവേദനത്തില്‍ ഒപ്പുവച്ചതെന്നും നിവേദനം നല്‍കിയതിനെ പിന്തുണയ്ക്കുന്നുവെന്നും യേശുദാസ് വ്യക്തമാക്കി. അതേസമയം, ചടങ്ങില്‍നിന്നും വിട്ടുനിന്ന ഫഹദ് നാട്ടിലേക്ക് മടങ്ങി. മികച്ച സഹനടനുളള അവാര്‍ഡ് ഫഹദിനായിരുന്നു.

65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ പ്രധാനപ്പെട്ട 11 അവാര്‍ഡുകള്‍ മാത്രമായിരിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കുക. കേന്ദ്ര വാര്‍ത്താ വിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയായിരിക്കും മറ്റ് പുരസ്‌കാരങ്ങള്‍ നല്‍കുക. ഇതിന് എതിരെയാണ് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധവുമായി എത്തിയത്. എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കണമെന്നാണ് ആവശ്യം.

രാഷ്ട്രപതി എല്ലാവര്‍ക്കും പുരസ്‌കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ ഇന്ന് രാവിലെ ചേര്‍ന്ന പുരസ്‌കാര ജേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. കെ.ജെ.യേശുദാസും ജയരാജുമടക്കം പുരസ്‌കാര ജേതാക്കള്‍ ഒപ്പിട്ട പരാതി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് നല്‍കുകയും ചെയ്തു.

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങള്‍ മാത്രമാകും രാഷ്ട്രപതി നല്‍കുക എന്ന വിവരം ഇന്നലെ വൈകിട്ടാണ് പുരസ്‌കാര ജേതാക്കള്‍ അറിയുന്നത്. ഇതോടെയാണ് വലിയ പ്രതിഷേധം ഉടലെടുത്തത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളില്‍ ഉളളത്. ഇതുവരെയുള്ള പതിവും അതാണ്. എന്നാല്‍, ഇന്നലെ വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്.

Leave a Reply