Pravasimalayaly

നാലരമാസം നീണ്ട പദയാത്ര തീരുന്നു; രാഹുലിന്റെ ജോഡോ യാത്രയ്ക്ക് നാളെ സമാപനം; 13 പാർട്ടികൾ പങ്കെടുക്കും

ന്യൂഡൽഹി; കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാനത്തിലേക്ക്. നാളെയാണ് ജോഡോ യാത്രയ്ക്ക് സമാപനമാവുക. രാഹുൽ ​ഗാന്ധിയുടെ പദയാത്ര ഇന്ന് അവസാനിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയ്ക്കാണ് സമാപനമാവുന്നത്. 

പന്താചൗക്കിൽ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും. തുടർന്ന് രാഹുൽ ഗാന്ധി അവിടെ പതാക ഉയർത്തുന്നതോടെ പദയാത്രക്ക് സമാപനമാകും. വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിയടക്കുള്ള യാത്രികർക്ക് അത്താഴ വിരുന്ന് നൽകും. 

നാളെ ജമ്മു കശ്മീർ പിസിസി ഓഫീസിലും രാഹുൽ ഗാന്ധി പതാകയുയർത്തും.തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്ര അവസാനിക്കും. സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനായിരുന്നു കോൺ​ഗ്രസിന്റെ ശ്രമം. 23 കക്ഷികളെയാണു ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 13 കക്ഷികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജെഡിയു ,ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്,സി പി എം തുടങ്ങിയ കക്ഷികളാണ് വിട്ടു നിൽക്കുന്നത്. 

Exit mobile version