2027ഓടെ ഇന്ത്യയില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027ഓടെ ഡീസല്‍ ഉപയോഗിച്ചോടുന്ന ഫോര്‍ വീലര്‍ വാഹനങ്ങള്‍ നിരോധിക്കും. അന്തരീക്ഷ മലിനീകരണം പൂര്‍ണമായും ഇല്ലാതാക്കാനാണ് തീരുമാനം.
നഗരങ്ങളില്‍ സര്‍വിസ് നടത്തുന്ന ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ സമിതി നിര്‍ദേശത്തില്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2024 മുതല്‍ ഇലക്ട്രിക് പവര്‍ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന് പാനല്‍ ശുപാര്‍ശ ചെയ്തു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ റെയില്‍വേ ശൃംഖല പൂര്‍ണമായും വൈദ്യുതീകരിക്കാനും നിര്‍ദേശമുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ നഗരങ്ങളിലും 75 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ ആക്കാനാണ് നീക്കം.