Pravasimalayaly

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കോളജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകര്‍ത്തു എന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

വ്യാജന്മാരുടെ കൂടാരമായി എസ്എഫ് മാറുമ്പോള്‍, ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുമ്പോള്‍,സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. 

അതേസമയം, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ കായംകുളം എംഎസഎം കോളജ് സസ്‌പെന്‍ഡ് ചെയ്തു. മറ്റുകാര്യങ്ങള്‍ അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയതായും മുഹമ്മദ് താഹ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. നിഖിലിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്നും വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

2022ലാണ് നിഖിലിന് എംകോമിന് അഡ്മിഷന്‍ നല്‍കിയത്. 2017ല്‍ ഇതേ കോളജില്‍ തന്നെ ഡിഗ്രിക്ക് ചേര്‍ന്ന നിഖില്‍ 2020ലാണ് ടിസി വാങ്ങിപ്പോയത്. എംകോമിന് അഡ്മിഷനായി സര്‍വകലാശാലയിലാണ് ആദ്യം നിഖില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്. സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റാണ് കോളജിന് ലഭിച്ചത്. വീണ്ടും വെരിഫിക്കേഷന് സര്‍വകലാശാലയ്ക്ക് തന്നെ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുത്തതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണ് എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Exit mobile version