Pravasimalayaly

നിപ്പാ വൈറസ് പടര്‍ന്നത് കിണര്‍ വെള്ളം വഴി,കിണറ്റില്‍ വവ്വാലുകള്‍ കൂട്ടത്തോടെ പാര്‍ക്കുന്നത് കണ്ടെത്തി

Greater short-nosed fruit bat (Cynopterus sphinx)

കോഴിക്കോട്: കോഴിക്കോട്ട് ചങ്ങരോത്ത് നിപ്പാ വൈറസ് ബാധിച്ചു മൂന്നു പേര്‍ മരിച്ച വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. ഈ വവ്വാലുകള്‍ വഴി കിണര്‍ വെള്ളത്തിലൂടെയാവാം വൈറസ് പടര്‍ന്നതെന്നാണ് കരുതുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഈ കിണര്‍ മൂടിയതായും ആരോഗ്യമന്ത്രി പറഞ്ഞു.

ചങ്ങരോത്ത് മൂസയുടെ മൂന്നു മക്കളാണ് നിപ്പാ വൈറസ് ബാധിച്ചു മരിച്ചത്. ഇവരുടെ കിണറ്റില്‍ വവ്വാലുകള്‍ കൂട്ടത്തോടെ പാര്‍ക്കുന്നതായാണ് കണ്ടെത്തിയത്. ഈ കിണര്‍ മൂടെയന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വവ്വാലുകള്‍ പുറത്തുപോവുന്നത് ഒഴിവാക്കാനായിട്ടുണ്ട്. ഈ കിണറ്റിലെ വെള്ളത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നാണ് നിഗമനമെന്ന്, ഉന്നത തല അവലോകന യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.

നിപ്പാ വൈറസ് ചികിത്സ കാര്യക്ഷമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെങ്കില്‍ അതും ഒരുക്കും. ഇതിനു പണം നോക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആ്രോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സ ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വായുവിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ നിപ്പാ വൈറസ് വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഭീതിയുടെ കാര്യമില്ല. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ സൂക്ഷിക്കേണ്ടതുണ്ട്. വവ്വാലുകള്‍ കടിച്ച പഴങ്ങളും മറ്റും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

Exit mobile version