Saturday, November 23, 2024
HomeNewsKeralaനിപ്പ വൈറസ്: ഒരു മരണം കൂടി; ആകെ മരണം 12; ഒരു കുടുംബത്തില്‍ നിന്ന് മരിച്ചത്...

നിപ്പ വൈറസ്: ഒരു മരണം കൂടി; ആകെ മരണം 12; ഒരു കുടുംബത്തില്‍ നിന്ന് മരിച്ചത് നാല് പേര്‍

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. രോഗ ബാധ ആദ്യം സ്ഥിരീകരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൂസയുൾപ്പടെ നാല് പേരാണ് നിപ്പ ബാധിച്ച് ഒരു കുടുംബത്തിൽ നിന്ന് മരണപ്പെട്ടത്.

ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. നിപ്പ രോഗം സ്ഥിരീകരിച്ച 13 പേരില്‍ ഒരാളായിരുന്നു മൂസ. ഇവരുടെ വീടിന്റെ കിണറ്റിലാണു വവ്വാലുകളെ കണ്ടെത്തിയത്. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏപ്രില്‍ 25നാണു മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയില്‍ പുതുതായി വാങ്ങിയ വീട്ടിലെ കിണര്‍ വൃത്തിയാക്കിയത്. ഈ കിണറ്റിലാണു പിന്നീട് വവ്വാലുകളെ കണ്ടെത്തിയത്. പനിയെ തുടര്‍ന്നു സാബിത്തിനെ ഈമാസം മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അഞ്ചിന് മരിക്കുകയും ചെയ്തു. 18നു സാലിഹും 19ന് സഹോദരഭാര്യ മറിയവും മരിച്ചു. ഇവരുടെ സ്രവ സാംപിളില്‍നിന്നാണു നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനാണു രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടുപേരെയും ഇന്നലെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. നിപ്പ ബാധിച്ചു മരിച്ച തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യനാണു കോഴിക്കോട്ടു ചികില്‍സ തേടിയവരിലൊരാള്‍. ഇതോടെ രോഗം സംശയിച്ചു മൊത്തം 17 പേരാണു ചികില്‍സയിലുള്ളത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments