Pravasimalayaly

നിപ വൈറസ് ബാധ ലക്ഷണം: രണ്ട് പേർ കൂടി മരിച്ചു, മരണസംഖ്യ 12 ആയി

കോഴിക്കോട്: നിപ വൈറസ് ബാധമൂലം പനിയെ തുടര്‍ന്ന് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാജനും അശോകനുമാണ് മരിച്ചത്. ഇരുവരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ചെമ്പനോട പുതുശ്ശേരി വീട്ടില്‍ ലിനിയും പനി ബാധിച്ച് മരിച്ചിരുന്നു. എയിംസിലെ വിദഗ്ധർ വിശദമായ ചികിത്സയ്ക്കായി ഇന്ന് കേരളത്തിലെത്തും.

ലിനിയുടെ മരണം നിപ വൈറസ് ബാധമൂലമാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ആറു പേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. ഒമ്പതു പേരില്‍ രോഗബാധയുള്ളതായി സംശയിക്കുന്നു. മരിച്ചവരിലും നിപ ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചതാണ് ഇക്കാര്യം. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് രോഗത്തിന്‍റെ ആരംഭം. മരിച്ച സാലിഹ്, മറിയം, സാബിത്ത് എന്നിവരിലും ചികിത്സയിലുള്ള കുടുംബാംഗത്തിലും നിപ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version