Pravasimalayaly

നിയമസഭയില്‍ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഇല്ല; പ്രതിഷേധവുമായി പി.സി. ജോര്‍ജ്

തിരുവനന്തപുരം: നിയമസഭയില്‍ ഉപധനാഭ്യാര്‍ത്ഥന ചര്‍ച്ച ആരംഭിച്ചപ്പോള്‍ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഇല്ലാത്തതില്‍ പി.സി. ജോര്‍ജ് പ്രതിഷേധിച്ചു. പ്രാധാന്യമുള്ള ഉപധനാഭ്യര്‍ത്ഥ ചര്‍ച്ചയിലാണ് അതത് വകുപ്പിലെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഇല്ലാതിരുന്നത്. ഈ സമയം സഭയില്‍ എംഎല്‍എമാര്‍ അടക്കം 17 പേര്‍മാത്രമാണ് ഉണ്ടായിരുന്നത്. തോമസ് ഐസ്‌ക്, കെ.കെ. ഷൈലജ, എ.സി. മൊയ്തീന്‍ തുടങ്ങിയ മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. അതിപ്രാധാന്യമുള്ള വിഷയത്തിന് മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ഒരു സെക്രട്ടറിപോലും ഇല്ലെന്ന് പി.സി. ജോര്‍ജ് സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരെ എത്രയും വേഗം വിളിച്ചു വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആകെ ഉള്ള മന്ത്രി പകുതി വിദ്യാഭ്യാസമുള്ള കെ.ടി. ജലീല്‍ മാത്രമാണ് സഭയില്‍ ഉള്ളതെന്ന് പിസി പറഞ്ഞു. ഉപധനാഭ്യാര്‍ത്ഥന ചര്‍ച്ചയില്‍ ഇ.എസ്. ബിജി മോള്‍ സംസാരിക്കുമ്പോള്‍ ക്രമപ്രശ്നം ഉന്നയിച്ചാണ് പി.സി. ജോര്‍ജ് വിഷയം സഭയില്‍ ഉന്നയിച്ചത്. ജലീല്‍ ഡോക്ടറേറ്റ് ഉള്ള വ്യക്തിയാണെന്ന് ബിജി മോള്‍ വ്യക്തമാക്കി. പിസി ഉന്നയിച്ച വിഷയത്തിന് ബിജി മോള്‍ അനുകൂലമായയാണ് പ്രതികരിച്ചത്. ഇത്രയും പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുമ്പോള്‍ ആരും കേള്‍ക്കാനില്ലെന്ന് ബിജിമോള്‍ പ്രതികരിച്ചു. എന്നാല്‍ പുറത്തു പോയി സംസാരിക്കാന്‍ പ്രതിപക്ഷത്തിനിടയില്‍ നിന്നും ശബ്ദം ഉയര്‍ന്നു. പ്രതിപക്ഷം ഇല്ലാതെ പ്രസംഗിക്കുമ്പോഴാണ് വിഷമമെന്ന് ബിജി മോള്‍ തിരിച്ചടിച്ചു. അക്ഷരാര്‍ത്ഥത്തില്‍ പി.സി. ജോര്‍ജ് ഉന്നയിച്ച വിഷയം സഭ ഏറ്റെടുക്കുകയായിരുന്നു.

Exit mobile version