നീലച്ചിത്രമെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് വിചിത്രം: ദിലീപിനെതിരെ പ്രോസിക്യൂഷന്‍

0
44

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിനു നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. നീലച്ചിത്രമെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് വിചിത്രമായ നടപടിയാണെന്ന്, ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തെളിവുകള്‍ പരിശോധിക്കാന്‍ പ്രതിയായ തനിക്ക് അവകാശമുണ്ടെന്നും അത് നിഷേധിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നുമാണ് ദിലീപ് വാദിക്കുന്നത്. ആക്രമണ ദൃശ്യങ്ങള്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നും ഇത് ആക്രമിക്കപ്പെട്ട നടിയുടെ ശബ്ദമാണോയെന്നു വ്യക്തമല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ദൃശ്യങ്ങളിലെ പുരുഷ, സ്ത്രീ ശബ്ദങ്ങള്‍ തമ്മില്‍ തീവ്രതയില്‍ വ്യത്യാസമുണ്ട്. സ്ത്രീ ശബ്ദത്തിന്റെ തീവ്രത കുറച്ചുവച്ചിരിക്കുകയാണ്. ഇതില്‍ എഡിറ്റിങ് നടന്നിട്ടുണ്ടോയെന്നു സംശയമുണ്ടെന്നും ദിലിപീന്റെ അഭിഭാഷകന്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നീലച്ചിത്രം പകര്‍ത്തുന്ന കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തത്. അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് വിചിത്രമാണ്. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയാണ് പ്രതി ചെയ്യുന്നത്. കൂട്ട മാനഭംഗമാണ് നടന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ഇല്ലാതെയും തെളിയിക്കാവുന്ന കേസാണിത്. മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനാണ് ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ദൃശ്യങ്ങള്‍ പ്രതിയുടെ പക്കല്‍ എത്തിയാല്‍ ഇര ആജീവനാന്ത ഭീഷണിയിലാവും. പുറത്തുവിടാനാവാത്ത ദൃശ്യങ്ങളാണ് ഇവയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിയുടേതിനേക്കാള്‍ ഇരയുടെ അവകാശത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

Leave a Reply