‘നീ ‘വെറും’ പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം’; ഫെയ്സ്ബുക്ക് പോസ്റ്റുമായി രേണു രാജ്

0
32

കൊച്ചി; സ്ഥലംമാറ്റ ഉത്തരവ് വന്നതിനു പിന്നാലെ എറണാകുളം കളക്ടർ രേണു രാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു.  ‘നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. ‘നീ വെറും പെണ്ണാണ്’ എന്ന് പറയുന്നിടത്താണ് പ്രതിഷേധം’ എന്ന വരികളാണ് വനിതാ ദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ചത്. 

ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് രേണു രാജിന്റെ പോസ്റ്റ് എത്തിയത്. അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ ഉച്ചയോടെയാണ് രേണുരാജിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് എത്തിയത്. ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് നടപടി. എന്‍.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കളക്ടര്‍.

ഏഴ് മാസവും 12 ദിവസവുമാണ് രേണു രാജ് എറണാകുളം കളക്ടറുടെ കസേരയിൽ ഇരുന്നത്. വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണു രാജിന്റെ പുതിയ നിയമനം. ബ്രഹ്മപുരത്തെ തീയും പുകയും ശമിപ്പിക്കാന്‍ രേണു രാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റും തീവ്രയജ്ഞം നടത്തുന്നതിനിടെ കളക്ടറെ സ്ഥലംമാറ്റിയതില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നു. അതേസമയം ദിവസങ്ങള്‍ പിന്നിട്ടിട്ടും തീയും പുകയും നിയന്ത്രിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന ആക്ഷേപവും ശക്തമാണ്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. 

Leave a Reply