‘നീ വെറും പെണ്ണാണ്, വെറും പെണ്ണ്’; ഞാന്‍ ഒരിക്കലും അത്തരമൊരു വാചകം എഴുതരുതായിരുന്നു ;ഞാന്‍ എഴുതിയ തിരക്കഥകളിലെ സ്ത്രീവിരുദ്ധമായ എല്ലാ വാക്കുകളിലും ഖേദിക്കുന്നു: രഞ്ജി പണിക്കര്‍

0
22

കോഴിക്കോട്: താന്‍ എഴുതിയ തിരക്കഥകളിലെ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളിലും ജാതീയാധിക്ഷേപങ്ങളിലും ഖേദിക്കുന്നതായി തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. പുതുതായി എഴുതുന്ന കഥകളിലൊന്നും അത്തരം പരാമര്‍ശങ്ങള്‍ കടന്നുവരാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും രഞ്ജി പണിക്കര്‍.

അത്തരം വാചകങ്ങളൊന്നും മനപ്പൂര്‍വ്വം സ്ത്രീവിരുദ്ധമായോ ജാതീയമായി കുറച്ചുകാണിക്കണമെന്ന് ഉദ്ദേശിച്ച് എഴുതിയതല്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദ് കിംഗ് സിനിമയിലെ മുഖ്യ കഥാപാത്രമായ കളക്ടര്‍ ജോസഫ് അലക്സ് തന്റെ ജൂനിയറായ സ്ത്രീ കഥാപാത്രത്തോട് പറയുന്ന വാചകങ്ങള്‍ തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഇപ്പോള്‍ ബോധ്യമുണ്ടെന്നും അത്തരം വാചകങ്ങള്‍ ഒരിക്കലും എഴുതരുതായിരുന്നെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ‘നീ വെറും പെണ്ണാണ്. വെറും പെണ്ണ്’ എന്നു പറയുന്ന ഡയലോഗിനു നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

‘ഞാന്‍ ഒരിക്കലും അത്തരമൊരു വാചകം എഴുതരുതായിരുന്നു. സ്ത്രീകളെ കുറച്ചുകാണിക്കാന്‍ വേണ്ടി എഴുതിയതല്ലായിരുന്നു അത്. അന്നു അത് കണ്ടു കയ്യടിച്ചവരെല്ലാം പിന്നീട് ആ വാചകങ്ങള്‍ അരോചകമാണെന്ന് കണ്ടെത്തുകയായിരുന്നു.’ അദ്ദേഹം പറഞ്ഞു.

‘ആ സിനിമ തിയറ്റിറിലിരുന്ന് കാണുന്ന ഒരു യുവതിക്ക് ആ വാചകങ്ങള്‍ തന്നെ അപഹസിക്കുന്നതായി അനുഭവപ്പെടുകയാണെങ്കില്‍ അത് എന്റെ തെറ്റു തന്നെയാണ്.’

തന്റെ സിനിമകളിലുണ്ടായിട്ടുള്ള ജാതീയാധിക്ഷേപങ്ങള്‍ക്കും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

എന്റെ സിനിമകളില്‍ അണ്ടന്‍, അടകോടന്‍, ചെമ്മന്‍, ചെരുപ്പുകുത്തി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അത് വളരെയധികം അധിക്ഷേപപരമാണെന്ന് ഈയിടെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു ശേഷം മാത്രമാണ് തിരിച്ചറിഞ്ഞത്. ആരെയും കുറച്ചുകാണിക്കാനോ തെറ്റായി ചിത്രീകരിക്കാനോ ഉദ്ദേശിച്ചല്ലായിരുന്നു അത് എഴുതിയത്. പക്ഷെ അത്തരം വാചകങ്ങള്‍ എഴുതരുതായിരുന്നു’ അദ്ദേഹം പറയുന്നു.

മുന്‍കാലങ്ങളിലൊന്നും കഥാപാത്രം പറയുന്ന ഡയലോഗുകള്‍ വെച്ച് അഭിനേതാക്കളെ വിധിക്കുന്ന രീതിയുണ്ടായിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വെറുതെ പറയുന്ന വാക്കുകള്‍ വരെ കീറിമുറിച്ചു വിമര്‍ശിക്കുന്ന രീതിയാണ് ഇന്നു നിലനില്‍ക്കുന്നതെന്നും കുറ്റപ്പെടുത്തി.

തിരക്കഥയിലെ സന്ദര്‍ഭത്തിനനുസരിച്ച് വാചകങ്ങള്‍ എഴുതാന്‍ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. മനപൂര്‍വ്വം അധിക്ഷേപകരമായ വാചകങ്ങള്‍ എഴുതാന്‍ ശ്രമിച്ചിട്ടില്ല. കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാത്രമായിട്ടായിരുന്നു കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply