കോട്ടയം
നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 72 വയസ്സായിരുന്നു. നിരവധി ആഴ്ചപതിപ്പുകളില്‍ ശ്രദ്ധേയമായ തുടര്‍ നോവലുകള്‍ എഴുതി ശ്രദ്ധയാകര്‍ഷിച്ച എഴുത്തുകാരനായിരുന്നു. നിരവധി നോലവലുകള്‍ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം.
സുധാകര്‍ പി നായര്‍ എന്നാണ് പൂര്‍ണമായ പേര്. സുധാകരന്‍ മംഗളോദയം എന്ന തൂലികാനാമത്തിലായിരുന്നു അറിയപ്പെട്ടത്. നോവലുകള്‍ക്ക് പുറമെ ചലച്ചിത്രത്തിന്റെ കഥാരചനയും നടത്തിയിട്ടുണ്ട. പി.പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’, 1985 ല്‍ പുറത്തിറങ്ങിയ ‘വസന്തസേന’ എന്നീ ചിത്രങ്ങളുടെ കഥാരചന നിര്‍വഹിച്ചു. ‘നന്ദിനി ഓപ്പോള്‍’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ‘ഞാന്‍ ഏകനാണ്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയും സുധാകരനാണ്.
പാദസ്വരം, നന്ദിനി ഓപ്പോള്‍, അവള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാല്‍, വസന്തസേന, ഹംസതടാകം, വേനല്‍വീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്‌നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങള്‍, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവില്‍, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആള്‍ത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.
സുധാകരന്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.