Pravasimalayaly

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ‘നരഭോജി’ കടുവയായി പ്രഖ്യാപിച്ചു

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടി വെച്ചു കൊല്ലും. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇനി മയക്കുവെടി വെയ്ക്കില്ല. പ്രദേശത്ത് ഒന്നാം തീയതിയ്ക്ക് അകം കൂടുതൽ ക്യാമറ സ്ഥാപിക്കും. അടിക്കാടുകൾ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

ആറ് പഞ്ചായത്തുകളിൽ പെട്രോളിംഗ് നടത്തും. ഉറപ്പുകൾ ഒരാഴ്ച്ചക്കകം പൂർത്തികരിക്കുകയോ തുടങ്ങി വെയ്ക്കുകയോ ചെയ്യും. നിയമോപദേശം തേടി, ചീഫ് സെക്രട്ടറിയുമായി സംസാരിച്ചാണ് ഉത്തരവ്. ഒരേ കടുവ തന്നെ അക്രമം നടത്തിയതിനാലാണ് നരഭോജി ഗണത്തിൽപ്പെടുത്തിയത്.

ജനവാസ മേഖലയല്ലാത്ത ഒരിഞ്ച് ഭൂമിയും കേരളത്തിൽ ഇല്ല. വയനാടിന് വേണ്ടി മാത്രം ആക്ഷൻ പ്ലാൻ തയാറാക്കും. അതിന് സി സി എഫിനെ ചുമതലപ്പെടുത്തി. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല.

അതിൽ അത്ഭുതപ്പെടുന്നുമില്ല. പുതിയ കാര്യങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. വിളിച്ചാൽ ആ കോളു പോകും എന്നു മാത്രം. വയനാട്ടിൽ 100 ക്യാമറകൾ ഉടൻ സ്ഥാപിക്കും. കേരള ഡാറ്റാബേസിലെ കടുവയാണോയെന്ന് പരിശോധിച്ചു വരുന്നുവെന്നും മന്ത്രി അറിയിച്ചു.

വി.ഡി സതീശൻ്റെ യാത്രയിൽ കേന്ദ്ര നിയമത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് വനംമന്ത്രി സന്ദർശിക്കും. ഉച്ചയ്ക്കുശേഷം ആയിരിക്കും സന്ദർശനം.

Exit mobile version