തിരുവനന്തപുരം; പത്തനംതിട്ടയില്‍ നല്ല ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ജയിക്കുമെന്നും കെ.എസ്.യു കാലഘട്ടം മുതല്‍ തനിക്ക് കുടുംബവും രാഷ്ട്രീയവും രണ്ടാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി. മകനും പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണിയെ സംബന്ധിച്ചുള്ള ചോദ്യത്തിനാണ് എ.കെ ആന്റണിയുടെ പ്രതികരണം. മക്കളെ കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കണ്ട, ആ ഭാഷ ഞാന്‍ ശീലിച്ചിട്ടില്ല. ആ ഭാഷ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു. വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ പൊതുരംഗത്ത് വന്ന കാലം മുതല്‍, കെ.എസ്.യുവില്‍ ചേര്‍ന്ന കാലം മുതല്‍ കുടുംബം വേറെ രാഷ്ട്രീയം വേറെ. കുട്ടിക്കാലം മുതലുള്ള നിലപാട് അങ്ങനെയാണ്. കുടുംബം വേറെ രാഷ്ട്രീയം വേറെ. ഞാന്‍ പ്രചാരണത്തിന് പോകാതെ തന്നെ ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും സംശയം വേണ്ട. കേരളത്തിലെ ബി.ജെ.പിയുടെ സുവര്‍ണകാലം കഴിഞ്ഞു. അവരുടെ സുവര്‍ണകാലം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പാണ്. ശബരിമല യുവതിപ്രവേശനവിഷയം കത്തിനിന്ന കാലത്തില്‍ ഒരുപാട് വോട്ട് കിട്ടി. ഇത്തവണ 2019-ല്‍ കിട്ടിയ വോട്ട് കേരളത്തില്‍ ബി.ജെ.പിക്ക് ഒരിടത്തും കിട്ടില്ല. – ആന്റണി പറഞ്ഞു.