Pravasimalayaly

പത്തിൽ തോറ്റാലെന്താ?..; മലയാള സര്‍വകലാശാലയുടെ ആദ്യ ഡോക്ടറേറ്റ് ഈ ഓട്ടോക്കാരന്

അന്ന് നാടകപ്പറമ്പുകളില്‍ കടല വിറ്റുനടന്നു, ഇന്ന് നാടക ഗാനങ്ങളില്‍ ഡോക്ടറേറ്റ്: മലയാള സര്‍വകലാശാലയുടെ ആദ്യ പിഎച്ച്ഡി നേടിയ കെ പി അജിത്തിന്റെ ജീവിതം

‘ജനപ്രിയ സംസ്‌കാരവും മലയാള നാടക ഗാനങ്ങളും ‘ എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്

ഏഴും എട്ടും ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ വീടിനടുത്തുള്ള ചേട്ടന്റെ കൂടെ കടല വില്‍ക്കാന്‍ പോവുമായിരുന്നു. അന്നൊക്കെ ചേട്ടന്‍ തരുന്ന പത്ത് രൂപ വളരെ വലുതായിരുന്നു.  അന്ന് മനസിലേക്ക് കയറിവന്ന നാടക ഗാനങ്ങളിലാണ് എനിക്കിന്ന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.” തുഞ്ചത്തെഴുത്തച്ഛന്‍ മലയാള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ‘ജനപ്രിയ സംസ്‌കാരവും മലയാള നാടക ഗാനങ്ങളും ‘ എന്ന വിഷയത്തില്‍ ആദ്യ പിഎച്ച്ഡി ജേതാവായി പേരിനൊപ്പം ഡോക്ടര്‍ എന്ന ബിരുദമുദ്ര കൂട്ടിച്ചേര്‍ത്ത കെ.പി അജിത്ത് തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി.

പത്താം ക്ലാസ് തോറ്റ് കരിങ്കല്‍ ക്വാറിയില്‍ പണിക്ക് പോയിരുന്ന മീന്‍ വിറ്റും, ഓട്ടോ ഓടിച്ചും അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം സങ്കടങ്ങള്‍ നിറഞ്ഞ ജീവിതത്തെ അതിജീവിച്ച ഡോ.കെ.പി അജിത്തിന്റെ ജീവതം ആരെയും അതിശയിപ്പിക്കും.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ അഞ്ചല്‍പെട്ടിക്കാരനായ അജിത്തിന് അമ്മയും, മുത്തശ്ശിയും മാത്രമേയുള്ളൂ. തനിക്ക് മൂന്ന് മാസമുള്ളപ്പോള്‍ അച്ഛന്‍ തന്നെ വിട്ട് പോയതാണെന്ന് അജിത്ത് പറഞ്ഞു. ‘ആ കഷ്ടപ്പാടിനിടയില്‍ അമ്മയ്ക്ക് തന്നോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പൈനാപ്പിള്‍ തോട്ടത്തില്‍ ദിവസകൂലിക്ക് പണിക്ക്‌പോയ അമ്മ തനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. ഈ ഡോക്ടറേറ്റ് അമ്മയുടെ വിയര്‍പ്പിന്റെ വിലയാണ്.’

‘എട്ടാം ക്ലാസ് മുതല്‍ അമ്മയുടെ കൂടെ പൈനാപ്പിള്‍ തോട്ടത്തിലെ പണിക്കും റബ്ബര്‍ ടാപ്പിങ്ങിനുമൊക്കെ പോവുമായിരുന്നു. അന്ന് ജീവിതത്തിലെ വലിയ സ്വപ്നങ്ങളില്‍ ഒന്ന് പത്താം ക്ലാസ് ജയിക്കണമെന്നതായിരുന്നു. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റി. കണക്കിന് തോറ്റുപോയി, പിന്നീട് സേ പരീക്ഷ എഴുതിയാണ് 52 രണ്ട് മാര്‍ക്കോടെ പത്താം ക്ലാസ് പാസ്സാകുന്നത്. ഇതിനിടയില്‍ കരിങ്കല്‍ ക്വാറിയില്‍ പണിക്കു പോവാന്‍ തുടങ്ങി. മഴക്കാലമായാല്‍ പണി കുറവായിരിക്കും, 300 രൂപയാണ് ദിവസ വരുമാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടി വൈകുന്നേരങ്ങളില്‍ മീന്‍ കച്ചവടക്കാരുടെ കൂടെ സഹായിയായി പോവാന്‍ തുടങ്ങി. ആ കാലങ്ങളില്‍ ജീവിതം കരക്കെത്തിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ പഠനം പൂര്‍ണമായും ഉപേക്ഷിച്ചു. ഒരിക്കല്‍ വൈകുന്നേരം മീന്‍കച്ചവടത്തിനിടെ വഴിയരികില്‍ നില്‍ക്കുന്ന സഹപാഠികളെ കണ്ടത് പഠനമോഹം വീണ്ടും കടന്നു വരുവാന്‍ കാരണമായി. അങ്ങനെയാണ് പ്ലസ് വണ്ണിന് ഹുമാനിറ്റീസ് എടുത്തു ശിവംകുന്ന് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേരുന്നത്.’

പുറംമ്പോക്കിലെ ഒറ്റമുറി കുടിലിലായിരുന്നു അന്നൊക്കെ താമസിച്ചിരുന്നതെന്ന് അജിത്ത് പറഞ്ഞു. ‘വെളിച്ചം തെളിയിച്ചാല്‍ ഒരുതരം വണ്ട് കഞ്ഞിയില്‍ വന്ന് വീഴാതിരിക്കാന്‍ ഇരുട്ടത്തിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു. പിന്നീടാണ് ഇ എം എസ് ഭവന പദ്ധതിയുടെ ഭാഗമായി വീട് ലഭിക്കുന്നത്. പ്ലസ് ടു പാസായതോടെ സ്വന്തമായി ബൈക്ക് വേണമെന്ന ആഗ്രഹം മനസില്‍ കയറി. അതിനു വേണ്ടി പഠനം നിര്‍ത്തി വീണ്ടും കരിങ്കല്‍ ക്വാറിയില്‍ പണിക്ക് പോവാന്‍ തുടങ്ങി. ആറ് മാസം കൊണ്ട് ബൈക്ക് വാങ്ങാന്‍ സാധിച്ചു എന്നാല്‍ വീടിനടുത്തുള്ള പണിസ്ഥലത്തേക്ക് പോവാന്‍ ബൈക്കിന്റെ ആവശ്യമില്ലായിരുന്നു. പണിയുള്ളതിനാല്‍ മറ്റെവിടേയും പോകാനുള്ള സമയവുമില്ല.’

‘പ്ലസ് ടു അദ്ധ്യാപകനായ സന്തോഷ് സാര്‍ കോളേജ് ജീവിതത്തെ കുറിച്ച് പറഞ്ഞതൊക്കെ അന്ന് മനസിലുണ്ടായിരുന്നു. അങ്ങനെയാണ് പഠന മോഹം വീണ്ടും കടന്നു വരുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. എന്നാല്‍ പണിക്ക് പോവാന്‍ കഴിയാതായപ്പോള്‍ വരുമാനം നിലച്ചു. മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ബൈക്ക് വിറ്റും സുഹൃത്തുക്കളുടെ സഹായത്തോടെയും സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോ വാങ്ങുന്നത്. രാത്രി ഓട്ടോ ഓടിക്കാന്‍ പോവുമെങ്കിലും ഒരു ദിവസം പോലും ക്ലാസില്‍ പോവാതിരിക്കാന്‍ തയ്യാറല്ലായിരുന്നു.’കോളേജ് ദിനങ്ങളെ അത്രമാത്രം സ്വപ്നം കണ്ടിരുന്നു താനെന്ന് അജിത്ത് ഓര്‍മ്മിക്കുന്നു.

‘പിന്നീട് ബി എഡിന് ചേര്‍ന്നു. പഠനത്തിനിടയില്‍ 5 മണി മുതല്‍ 11 മണി വരെ അന്നൊക്കെ ഓട്ടം പോവുമായിരുന്നു. അതിനിടയിലാണ് അടവിന് പുതിയ ഓട്ടോറിക്ഷ വാങ്ങുന്നത്. മാസവസാനം ഇ എം ഐ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ ലീവെടുത്ത് ഓട്ടോ ഓടിക്കാറുണ്ടായിരുന്നു. 75 ശതമാനം മാര്‍ക്കോടെയാണ് ബിഎഡ് പാസാവുന്നത്. അവിടുത്തെ അദ്ധ്യാപകനായ ജോബി തോമസ് മാഷിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പിന്നീട് മലയാള സര്‍വകലാശാലയില്‍ പി ജിയ്ക്ക് ചേരുന്നത്. ആദ്യ ബാച്ചില്‍ സാഹിത്യരചനയില്‍ അഡ്മിഷന്‍ എടുത്തപ്പോഴും നാട്ടില്‍ വയ്യാതായ മുത്തശ്ശിയും അമ്മയും ഒറ്റക്കാണല്ലോ എന്ന വിഷമമായിരുന്നു മനസില്‍ നിറയെ. എല്ലാ ശനിയും ഞായറും ഓടി വീട്ടിലേക്കെത്തും. ആ ദിവസങ്ങളില്‍ ഓട്ടോ ഓടിക്കും.’

പി ജി കഴിഞ്ഞ് ഗവേഷണത്തിന് എന്‍ട്രന്‍സ് എഴുതിയെങ്കിലും കഷ്ടപ്പാടുകള്‍ക്കിടയില്‍ പഠനം തുടരണോ എന്ന് ആലോചിച്ചിരുന്നെന്ന് അജിത്ത് പറഞ്ഞു. എന്നാല്‍ അമ്മ എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ടായിരുന്നു. ക്ലാസുകള്‍ക്കിടയില്‍ ഓട്ടോ ഓടിക്കാന്‍ കഴിയാതിരുന്നപ്പോള്‍ നെറ്റ് കോച്ചിങ്ങിനുള്ള പൈസ നല്‍കിയത് അമ്മ കൂലിപ്പണി ചെയ്തിട്ടാണ്. ഡോക്ടറേറ്റ് ലഭിക്കാനുള്ള ഓപ്പണ്‍ ഡിഫന്‍സ് നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നെറ്റ് റിസള്‍ട്ട് വന്നു. ഇതും ഇരട്ടി സന്തോഷം നല്‍കുന്ന കാര്യമാണ്.

ജൂലായ് ഒമ്പതിനായിരുന്നു ഗവേഷണ പ്രബന്ധം അംഗീകരിക്കുന്നതിലെ അവസാന ഘട്ടമായ ഓപ്പണ്‍ ഡിഫന്‍സ് നടന്നത്. മലയാള സര്‍വകലാശാലയിലെ ആദ്യ ഗവേഷണ വിദ്യാര്‍ത്ഥികളായ നാല് പേരാണ് തീസിസ് സമര്‍പ്പിച്ചിരുന്നത്. ആദ്യം നടന്ന ഓപ്പണ്‍ ഡിഫന്‍സ് അജിത്തിന്റേതായതിനാല്‍ മലയാള സര്‍വകലാശാലയിലെ ആദ്യ പിഎച്ച്ഡി ഹോള്‍ഡറായി അജിത്ത് മാറുകയായിരുന്നു.

ഗൈഡ് ഡോ.ടി അനിത കുമാരിയുടെ സഹായവും സുഹൃത്ത് അര്‍ച്ചനയുടെ പിന്‍തുണയും പി എച്ച് ഡി നേടാന്‍ തന്നെ സഹായിച്ചുവെന്ന് അജിത്ത് കൂട്ടിച്ചേര്‍ക്കുന്നു. മൂന്ന് വര്‍ഷത്തിനുശേഷം വരുന്ന അധിക ചിലവുകള്‍ ഓര്‍ത്തുതന്നെയാണ് വേഗം ഗവേഷണം പൂര്‍ത്തിയാക്കിയതെന്നും അജിത്ത് പറയുന്നു. നിരന്തരം ദീര്‍ഘ ഓട്ടങ്ങള്‍ക്ക് തന്നെ വിളിച്ചിരുന്ന പുസ്തകം വാങ്ങാന്‍ അല്‍പ്പം തുക കൂട്ടിതന്ന തന്റെ യാത്രക്കാര്‍ക്കും നന്ദി പറയാന്‍ അജിത്ത് മറന്നില്ല.

‘അദ്ധ്യാപകനാകണം, അമ്മയുടെ കഷ്ടപ്പാടിന് അറുതി വരുത്തണം, ശമ്പളം കിട്ടി തുടങ്ങുമ്പോള്‍ അതില്‍ നിന്നും ചെറിയൊരു വീതം പഠിക്കാന്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്കായി നല്‍കണം.’ അജിത്ത് തന്റെ ആഗ്രഹങ്ങള്‍ പങ്കുവെച്ചു

Exit mobile version