തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര തെളിയിക്കുന്നതിനു കല്ലറ തുറന്നു പരിശോധന നടത്തിയതിനു പിന്നാലെ തിരുവനന്തപുരത്തും സമാനമായ രീതിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനം. കൊലപാതകമെന്നു കണ്ടെത്തിയെങ്കിലും കൊലയാളി ആരെന്നു കണ്ടെത്താൻ കഴിയാത്ത ഭരതന്നൂരിലെ ആദർശ് കൊല്ലപ്പെട്ട കേസിലാണ് മൃതദേഹ അവശിഷ്ടങ്ങൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
ഭരതന്നൂരിൽ കൊല്ലപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥി ആദർശിന്റെ 10 വർഷം മുൻപ് അടക്കം ചെയ്ത മൃതദേഹമാണ് പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ആദർശിന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയെങ്കിലും കൊലയാളിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഭരതന്നൂർ രാമരശേരി വിജയവിലാസത്തിൽ വിജയകുമാറിന്റെ മകൻ ആദർശിനെയാണ് പതിമൂന്നാം വയസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2009 ഏപ്രിൽ നാലിനു വൈകിട്ട് മൂന്നിനു കടയിലേക്കുപോയ ആദർശിനെ കാണാതാകുകയായിരുന്നു. തെരച്ചിലിൽ വീട്ടിൽ നിന്നും അകലെയുള്ള വയലിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടമരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുകയും കൂടുതൽ അന്വേഷണം വേണമെന്ന മുറവിളി ഉയരുകയും ചെയ്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തലയ്ക്കും നട്ടെല്ലിനുമേറ്റ പരുക്കാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ മുങ്ങി മരണമാണെന്നാണ് പൊലീസ് വിധിയെഴുതിയത്.
തലക്കേറ്റ ക്ഷതമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. കുളം അന്വേഷണ സംഘം വെള്ളം വറ്റിച്ചു പരിശോധിച്ചെങ്കിലും തലയ്ക്കു ക്ഷതമേൽക്കുന്ന കല്ലുപോലുള്ള ഒരു സാധനവും കുളത്തിൽ കണ്ടെത്താനായില്ല. എന്നാൽ കുളത്തിൽ നിന്നും ഒരു കുറുവടി പൊലീസിനു ലഭിച്ചു. ഇതോടെ കൊലപാതകമെന്ന സംശയം കൂടുതൽ ബലപ്പെടുകയായിരുന്നു.