Pravasimalayaly

പന്തീരാങ്കാവ് കേസ്; അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഫോറന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചാല്‍ അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ്. എന്നാല്‍, കേസ് തന്നെ റദ്ദാക്കാനുള്ള പ്രതിഭാഗം ഹര്‍ജി ഹൈക്കോടതി ഉടന്‍ പരിഗണിച്ചാല്‍ കോടതി നിര്‍ദേശപ്രകാരമായിരിക്കും പൊലീസിന്‍റെ തുടര്‍ നടപടികള്‍. ഇതിനിടെ, മൊഴി മാറ്റിപ്പറഞ്ഞ പരാതിക്കാരി ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. പരാതിക്കാരി തന്നെ മൊഴി മാറ്റിയതോടെയാണ് കേസ് വഴിത്തിരിവിലായത്. ഇരയായ യുവതി മൊഴിമാറ്റിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ നീക്കമെങ്കിലും ഫോറന്‍സിക് പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍ കൂടി ലഭിച്ച ശേഷം സമര്‍പ്പിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, മൊഴി മാറ്റിയ പരാതിക്കാരിയുടെ പിന്തുണയോടെ കേസ് തന്നെ റദ്ദാക്കാന്‍ പ്രതിഭാഗം നല്‍കിയ അപേക്ഷ ഹൈക്കോടതി ഉടന്‍ പരിഗണിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും.

കോടതി നിര്‍ദേശപ്രകാരമായിരിക്കും പിന്നീടുള്ള തുടര്‍ നടപടികള്‍. കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും മൊഴികളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. ഭര്‍ത്താവ് ഉപദ്രവിച്ചു എന്ന് പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നു പറഞ്ഞ വീഡിയോയുടെ പകര്‍പ്പ് ഉള്‍പ്പെടെയുള്ളവയും മറ്റ് ശാസ്ത്രീയ തെളിവുകളും കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. കാണാനില്ലെന്ന പിതാവിന്‍റെ പരാതിയിലാണ് യുവതിയെ നെടുമ്പാശ്ശേരിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കേസില്‍ പ്രതിപ്പട്ടികയിലുള്ള പൊലീസുകാരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 

Exit mobile version