തിരുവനന്തപുരം: പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും മദ്യം ഉത്പാദിപ്പക്കാൻ അനുമതി നൽകാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായവയിൽ നിന്നും കാർഷിക ഉത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ തുടങ്ങിയ പാനീയങ്ങൾ ഉൽപാദിപ്പിക്കുന്നതിന് കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാനാണ് തീരുമാനം.
നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാർഷിക സർവകലാശാല ശുപാർശകൾ സമർപ്പിച്ചത്. ഇതനുസരിച്ച് പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ നിന്ന് വൈൻ ഉൽപാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അബ്കാരി നിയമങ്ങൾക്ക് അനുസൃതമായി ലൈസൻസ് നൽകാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
മുൻ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയർമാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാർഡു തുക നിർണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാർശകൾ സമർപ്പിക്കുന്നതിനാണ് കമ്മീഷൻ രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ കമ്മീഷനിൽ അംഗങ്ങളായിരിക്കും.