പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയോട് സഹതാപമാണെന്ന് മകനും പത്തനംതിട്ട മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ മകന്‍ അനില്‍ ആന്റണി. അനില്‍ പത്തനംതിട്ടയില്‍ തോല്‍ക്കണമെന്ന് എ.കെ. ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഴയ ഡിഫന്‍സ് മിനിസ്റ്റര്‍ ഇതുപോലെ രാജ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച പാകിസ്താന്റെ തീവ്രവാദശ്രമങ്ങളെ പോലും വെള്ളപൂശാന്‍ ശ്രമിച്ച ഒരു എം പിക്ക് വേണ്ടി ക്യാമ്പയിന്‍ ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.എ.കെ. ആന്റണിയുടെ ആഹ്വാനം 2014 മുതല്‍ ജനം തള്ളുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞയാളാണ് ആന്റണി. രാഹുല്‍ ഗാന്ധി പാഴ് വസ്തുവാണ്. പരാജിതനായ രാഹുല്‍ ഗാന്ധിയെ ജനം അംഗീകരിക്കില്ല. വയനാട്ടില്‍ അദ്ദേഹം ജയിക്കുമോ എന്ന് ജനം തീരുമാനിക്കും. രാജ്യവിരുദ്ധനായ ആന്റോ ആന്റണിക്കു വേണ്ടി എ.കെ. ആന്റണി സംസാരിച്ചപ്പോള്‍ വിഷമം തോന്നിയെന്നും അനില്‍ ആന്റണി പറഞ്ഞു.നേരത്തേ ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എ.കെ ആന്റണി പ്രതികരിച്ചത്. മക്കളെ കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കണ്ട, ആ ഭാഷ ഞാന്‍ ശീലിച്ചിട്ടില്ല. ആ ഭാഷ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു.നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. കേരളത്തിലെ ബി.ജെ.പിയുടെ സുവര്‍ണകാലം കഴിഞ്ഞു. അവരുടെ സുവര്‍ണകാലം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പാണ്. ശബരിമല യുവതിപ്രവേശനവിഷയം കത്തിനിന്ന കാലത്തില്‍ ഒരുപാട് വോട്ട് കിട്ടി. ഇത്തവണ 2019-ല്‍ കിട്ടിയ വോട്ട് കേരളത്തില്‍ ബി.ജെ.പിക്ക് ഒരിടത്തും കിട്ടില്ലെന്നും ആന്റണി പറഞ്ഞിരുന്നു.