
സംഗീത ആസ്വാദകൻ എന്ന നിലയിൽ സംഗീത സാന്ദ്രമായ സായാഹ്നങ്ങളെയും വേർപിരിയാൻ കഴിയാത്ത സുഹൃത് ബന്ധങ്ങളേയും കണ്ണീരിലാഴ്ത്തി ഡേവിസ് പുലിക്കോടൻ യാത്രയായി. കലയെ സ്നേഹിക്കുകയും കലാകാർക്ക് പ്രോത്സാഹനം നൽകിയും വിയന്നയിലെയും സൂറിച്ചിലെയും സൗഹൃദ കൂട്ടായ്മകളിൽ കിഷോർ കുമാറിന്റെ “മേരാ ജീവൻ കോരാ കാഗസ് കോരാ ഹി രഹ് ഗയ” എന്ന ഗാനം പാടി സംഗീത സാന്ദ്രമാക്കിയ ഡേവിസ് പുലിക്കോടൻ ഇനി കണ്ണീരോർമ്മ. മനസ്സിൽ കറയില്ലാത്ത സ്നേഹവും ഇടപെടലിൽ മറക്കാനാവാത്ത നിമിഷങ്ങളും നൽകിയ ഡേവിസിന്റെ വേര്പാടിന് മുൻപിൽ പ്രവാസി മലയാളി വാർത്ത സംഘത്തിന്റെ പ്രാർഥന പൂർണ്ണമായ ആദരാഞ്ജലികൾ.
സംഘടന ഭേദമന്യേ ജീവനേക്കാളേറെ സുഹൃത്ത് ബന്ധങ്ങൾക്ക് വില നൽകിയ ഡേവിസിന്റെ മരണം സുഹൃത്ത് വലയത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണ്. പ്രിയ ഡേവിസിനോട് ചില നിമിഷങ്ങളിൽ എങ്കിലും ഇടപഴകിയവർക്ക് അദ്ദേഹത്തിന്റെ വേർപാട് നനുത്ത വിങ്ങലായി അവശേഷിക്കും. ഒരിക്കൽ കണ്ടുമുട്ടിയാൽ ആർക്കും മറക്കാനാവാത്ത ആത്മാർത്ഥ സുഹൃദ് ബന്ധം പകർന്നു നൽകിയ കൂട്ടുകാരന്റെ വേർപാട് ലോകത്തിന്റെ വിവിധ ഭാഗത്തുള്ള സുഹൃത്തുകൾക്ക് നഷ്ടമാണ്. അകലെയെങ്കിലും മാറുന്ന ലോകത്തെ തിരക്കിനിടയിൽ മനസുകൊണ്ട് എന്നും അരികിൽ ഉണ്ടായിരുന്ന പ്രിയ കൂട്ടുകാരന്റെ അസാന്നിധ്യം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ വേദന ഉണ്ടാക്കും.
കുടുംബ കൂട്ടായ്മകളെയും സുഹൃത്ത് കൂട്ടായ്മകളെയും തന്റെ സ്വദ സിദ്ധമായ തമാശകളിലൂടെയും കലയെയും കലാകാരെ പ്രോത്സാഹിപ്പിച്ചും സജീവമാക്കുവാൻ ഡേവിസിന് കഴിഞ്ഞു. നന്മയുടെ ഉറവിടമായി ആ മനുഷ്യ സ്നേഹി പകർന്നു നൽകിയ സൗഹൃദത്തിൻറെയുo സാഹോദര്യത്തിന്റെയും തണൽ ഏറ്റുവാങ്ങിയ സ്നേഹിതരുടെ പ്രാർഥന ഡേവിസിന്റെ കുടുംബത്തോടോപ്പം ഉണ്ടാവട്ടെ. പ്രിയ സുഹൃത്തിന്റെ വേർപാടിൽ കണ്ണീർ പ്രണാമങ്ങൾ