ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. പരാതികൾ നിയമപരമായി നേരിടും. വ്യാജ ആരോപണങ്ങളിൽ മാനസികമായി തകർന്നുവെന്ന് ജയസൂര്യ പറയുന്നു.
മനസാക്ഷി ഇല്ലാത്ത ആർക്കും ആർക്കെതിരെയും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കാം എന്ന് ജയസൂര്യ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസം എന്നും നിയമപരമായ പോരാട്ടം തുടരുമെന്നും ജയസൂര്യ വ്യക്തമാക്കുന്നു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന് എന്ന് താരം പോസ്റ്റിൽ പറയുന്നു.
ജയസൂര്യക്കെതിരെ പരാതിയുമായി രണ്ട് നടിമാർ രംഗത്തെത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ ലൊക്കേഷനിൽ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ കേസ്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു.