Pravasimalayaly

‘പാര്‍ട്ടിക്കായി കൊലപാതകം നടത്തിയിട്ടുണ്ട്; ഞങ്ങള്‍ വാതുറന്നാല്‍ എടയന്നൂരിലെ പാര്‍ട്ടി സഖാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല; ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: പാര്‍ട്ടിക്കായി കൊലപാതകം നടത്തിയുണ്ടെന്ന വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് കൊലപാതകം ചെയ്യിച്ചത്. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണസ്ഥാപനങ്ങളില്‍ ജോലി നല്‍കി. കൊല ചെയ്ത ഞങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരിയുടെ കമന്റ്. ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ക്വട്ടേഷന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആകാശിന് എന്ന് ഡിവൈഎഫ്ഐ നേതാക്കളുടെ പ്രതികരണം.

കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളില്‍ ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്നവരും സിപിഎം പ്രാദേശിക നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കം തുടരുകയാണ്. ഡിവൈഎഫ്ഐ നേതാവ് ഷാജിറിനെ കൊണ്ട് ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിച്ചത് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു എന്നുപറഞ്ഞാണ് വാക്പോര് തുടങ്ങിയത്. അതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് പുമരം ആകാശ് തില്ലങ്കേരിയെ തള്ളിക്കൊണ്ട് പോസ്റ്റിട്ടത്. അതിന് താഴെയായിരുന്നു ആകാശ് തില്ലങ്കേരിയുടെ കമന്റ്.

എടയന്നൂരിലെ പാര്‍ട്ടി നേതാക്കള്‍ക്ക് എന്റെ ധൈര്യം സംബന്ധിച്ച് രണ്ടാമത് ഒന്നാലോചിക്കേണ്ട കാര്യമില്ലല്ലോ. ഞങ്ങള്‍ വാതുറന്നാല്‍ എടയന്നൂരിലെ പാര്‍ട്ടി സഖാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല. ആഹ്വാനം ചെയ്ത നേതാക്കള്‍ക്ക് സഹകരണസംഘം സ്ഥാപനങ്ങളില്‍ ജോലി നല്‍കി. കൊല ചെയ്ത ഞങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പടിയടച്ച് പുറത്താക്കി. അതിനുശേഷം ഞങ്ങള്‍ ജീവിക്കുന്നത് എങ്ങനെയെന്ന് പാര്‍ട്ടി നോക്കിയില്ല. പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്കും കുഴല്‍പ്പണ ഇടപാടിലേക്കും നീങ്ങിയത്. ആ സമയത്ത് പാര്‍ട്ടി ഞങ്ങളെ തിരുത്താന്‍ ശ്രമിച്ചില്ല. മാത്രമല്ല ഞങ്ങള്‍ നടത്തിയ ക്വട്ടേഷനില്‍ പങ്കുപറ്റിയ ആളുകളുടെ വിവരം പുറത്തുവിട്ടാല്‍ പലര്‍ക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നാണ് കമന്റ്.

നേതാക്കളെ തേജോവധം ചെയ്യാനുള്ള പ്രവര്‍ത്തനമാണ് ആകാശ് തില്ലേങ്കരിയും സുഹൃത്തുക്കളും നടത്തുന്നതെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിപിഎം ജില്ലാഘടകത്തിന് ഇവര്‍ കത്തുനല്‍കിയിട്ടുണ്ട്. ഡിവൈഎഫ്ഐ വനിതാ നേതാക്കളെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആകാശിനെ അനുകൂലിച്ച ചിലര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം ചൂണ്ടിക്കാണിച്ച് ആകാശ് തില്ലങ്കേരിയുടെ സാമൂഹിക മാധ്യമത്തിലെ പ്രതികരണം.

Exit mobile version