Pravasimalayaly

പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം തുലാസിൽ, രാജിക്കൊരുങ്ങി 9 കൗൺസിലർമാർ

പാലക്കാട് : പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് നഗരസഭാ കൌൺസിലർമാർ രാജി പ്രഖ്യാപിച്ചതോടെ ബിജെപിക്ക് കേരളത്തിൽ ഭരണമുളള ഏക നഗരസഭയായ പാലക്കാട് ഭരണം തുലാസിലായി. ഒൻപത് കൗൺസിലർമാരാണ് നാളെ പാർട്ടിക്ക് രാജിക്കത്ത് നൽകുമെന്ന് പ്രഖ്യാപിച്ചത്. പ്രത്യേകം യോഗം ചേർന്ന കൗൺസിലർമാർ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങൾ തെറ്റിച്ചാണ് ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ആക്ഷേപം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നും പാലക്കാട്ടെ മുതിർന്ന ബിജെപി നേതാവ്  സി കൃഷ്ണകുമാർ, തന്റെ ബെനാമിയെ തിരുകി കയറ്റുന്നുവെന്നുമാണ് പ്രധാന ആക്ഷേപം. 

എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറഞ്ഞു. ബിജെപി പ്രസിഡന്റ്  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും സ്ഥിരീകരിച്ചു.

പുതിയ ജില്ല പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിൽ ഒരു മാനദണ്ഡവും ലംഘിച്ചട്ടില്ലെന്ന് നിലവിലെ ജില്ല പ്രസി‍ഡന്‍റ് കെഎം ഹരിദാസ് പറഞ്ഞു. ആർക്കെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ പരിഹരിക്കും. ആരും ഇതുവരെ അതൃപ്തി അറിയിച്ചിട്ടില്ലെന്നും ഹരിദാസ് വിശദീകരിച്ചു. 

Exit mobile version