പിണറായിയിലെ കൂട്ടമരണത്തിന്റെ ചുരുളഴിയുന്നു,കൊലപാതകമെന്ന് സൂചന: കുട്ടികളുടെ അമ്മ സൗമ്യ കസ്റ്റഡിയില്‍

0
41

പിണറായി: കണ്ണൂരിലെ പിണറായില്‍ നാടിനെ നടുക്കിയ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നതായി സൂചന. പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ രണ്ട് മക്കളും മാതാപിതാക്കളുമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ തലശ്ശേരി ആസ്പത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ അമ്മ സൗമ്യ(28)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്ന് ചോദ്യം ചെയ്യും.

മഫ്തിയിലെത്തിയ പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുമായി ബന്ധമുള്ള യുവാക്കളെയും പൊലീസ് നിരീക്ഷിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. സൗമ്യയുടെ രണ്ട് പെണ്‍കുട്ടികളും മാതാപിതാക്കളും മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എലിവിഷത്തിലെ പ്രധാന ഘടകമായ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍.

ദുരൂഹസാഹചര്യത്തില്‍ മരിച്ച പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ കമല (65)യുടെയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്കായി കോഴിക്കോട്ടെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചിരുന്നു. അവിടെ നടന്ന പത്തോളം പരിശോധനകളുടെ ഫലമാണ് കഴിഞ്ഞദിവസം ലഭിച്ചത്.

ഇതോടെയാണ് ഇരുവരുടെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷം അടിഞ്ഞുകൂടിയതായുള്ള കണ്ടെത്തല്‍. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മരണകാരണം തന്നെയാണോ കുട്ടികളുടെയും മരണത്തിന് കാരണമായതെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. തിങ്കളാഴ്ച ഇവരുടെ പേരക്കുട്ടി ഐശ്വര്യ കിഷോറി(8)ന്റെ മൃതദേഹം പോലീസ് പുറത്തെടുത്ത് പരിശോധിച്ചു. ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് അയച്ചു.

മൂന്നുമാസത്തിനിടെയാണ് പിണറായിയില്‍ ഒരു കുടുംബത്തിലെ എട്ടുവയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഒന്നരവയസ്സുകാരി കീര്‍ത്തന 2012ലും മരിച്ചു.

Leave a Reply