Pravasimalayaly

പിന്നിട്ട വഴികളും സ്വപ്നങ്ങളും പങ്കുവെയ്ക്കാൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രോവിൻസിന്റെ ഫേസ്ബുക് പേജിൽ

താൻ പിന്നിട്ട വഴികളും തന്നെ വളർത്തിയ സ്വപ്നങ്ങളും പങ്കു വെക്കാൻ ജൂൺ 20 നു യൂറോപ്യൻ സമയം വൈകുന്നേരം 05:00  മണിക്ക് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക് ലൈവിൽ പങ്കെടുക്കുന്നു.

അടുത്തറിയും തോറും അത്ഭുതമാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ ജീവിതം. ഒരു വിജയിച്ച സംരഭകൻ എന്നതിലുപരി നിലപാടുകൾ കൊണ്ട് കൂടിയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്കു പരിചയം പോലുമില്ലാത്ത  ഒരു വ്യക്തിക്ക് തൻ്റെ വൃക്ക പകുത്തു നൽകി മഹത്തായ മാതൃക കാണിക്കുകയും, സാമൂഹ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് സമൂഹത്തിനു കരുത്താകുകയും ചെയ്ത അദ്ദേഹം പ്രതിസന്ധികളെ അവസരമാക്കുകയും പുതിയ ചിന്തകളിലൂടെ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.


 
പിതാവിൽ നിന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊണ്ട് രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റെബിലൈസേർ നിർമ്മിച്ചുകൊണ്ടു  അദ്ദേഹം തുടങ്ങിയ വി ഗാർഡ് എന്ന സ്ഥാപനം ഇന്ന് വളർന്നു പന്തലിച്ചു 2000 ത്തിലധികം ജീവനക്കാരും 2300 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി മാറി. പിന്നീട് വിനോദമേഖലയിലും നിർമാണമേഖലയിലും വേരുകൾ പടർത്തി. കൊച്ചിയിലും ബാംഗ്ലൂരും ഹൈദരാബാദിലും വണ്ടർലാ  അമ്യൂസ്മെന്റ് പാർക്കുകൾ ജനപ്രീതി നേടി.

ചിറ്റിലപ്പള്ളിയുടെ വിജയത്തിൽ പത്നി ഷീല കൊച്ചൗസേഫും മക്കളും നിർണ്ണായക പങ്ക് വഹിക്കുന്നു.

നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുടെ സഹായമില്ലാതെ കമ്പനിയിലേയ്ക്ക് സാധനങ്ങൾ സ്വയം ഇറക്കിയും തന്റെ വൃക്ക ദാനം ചെയ്തും മുല്ലപെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചും അതിനു പണം മാറ്റി വച്ചും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി. ചിറ്റിലപ്പള്ളിയുടെ പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണങ്ങളായി മാറി.

രചന മേഖലയിലും തന്റേതായ വ്യക്തിമുദ്ര പഠിപ്പിക്കുവാൻ ചിറ്റിലപ്പള്ളിയ്ക്ക് കഴിഞ്ഞു.

ഓർമ്മക്കിളിവാതിൽ,Practical Wisdom in Real Life and Management,
വി ഗാർഡിനെ കുറിച്ചുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തിയ ഓർമ്മകളിലേയ്ക്ക് ഒരു യാത്ര എന്ന പുസ്തകം,
വൃക്ക ദാനത്തെ കുറിച്ചുള്ള അനുഭവവും സന്ദേശങ്ങളും ഒക്കെ പ്രചരിപ്പിയ്ക്കാൻ ഇംഗ്ലീഷിൽ രചിച്ച “ദി ഗിഫ്റ്റ്” എന്നിവ ചിറ്റിലപ്പള്ളിയുടെ തൂലികയിൽ വിരിഞ്ഞ സുവർണ്ണ ഗ്രന്ഥങ്ങളാണ്.

രാഷ്ട്ര ദീപികയുടെ Business Man of the Millennium 2000 അവാർഡ്, Destination Kerala യുടെ Tourism Man of the year അവാർഡ്,
Samman Pathra അവാർഡ്,
Top income tax payer അവാർഡ്,
മനോരമ ന്യൂസ് മേക്കർ 2011 എന്നിവ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയ്ക്ക് ലഭിച്ച അംഗീകാരങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

 ജൂൺ 20-)൦ തീയതി യൂറോപ്യൻ സമയം വൈകുന്നേരം 05 മണിക്ക് ശ്രീ ചിറ്റിലപ്പള്ളിയുമായി നടത്തുന്ന അഭിമുഖം   WMC Swiss പ്രൊവിൻസിന്റെ ഫേസ് ബുക്ക് പേജിൽ ലൈവ് ആയി കാണുക

Exit mobile version