Sunday, October 6, 2024
HomeLatest Newsപിന്‍മാറാതെ കെജ്‌രിവാള്‍; സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയിലേക്കു മാറ്റി

പിന്‍മാറാതെ കെജ്‌രിവാള്‍; സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നിരാഹാര സമരമിരിക്കുന്ന മന്ത്രി സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയാണ് സത്യേന്ദ്ര ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മുതല്‍ ജെയിന്‍ നിരാഹാര സമരത്തിലായിരുന്നു. നിരാഹാരം നടത്തുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോഗ്യസ്ഥിതിയും മോശമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നിസഹകരണം തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നിരാഹാര സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മന്ത്രിസത്യേന്ദര്‍ ജെയിന്‍ എന്നിവരെ കൂടാതെ മറ്റൊരു മന്ത്രി ഗോപാല്‍ റായിയും കെജ്‌രിവാളിനൊപ്പം സമരത്തില്‍ പങ്കെടുക്കുന്നണ്ട്.

പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ 10 ലക്ഷം പേരുടെ ഒപ്പ് ശേഖരണം നടത്താന്‍ കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കെജ്‌രിവാളിന്റെ സമരത്തെ എതിര്‍ത്ത് ബി.ജെ.പി എം.എല്‍.എമാരും മേയര്‍മാരും കൗണ്‍സിലര്‍മാരും മുഖ്യമന്ത്രിയുടെ ഓഫിസില്‍ കുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിലായതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments