Pravasimalayaly

പിന്‍ സീറ്റിലായിരുന്നു, ബസ് ഓവര്‍ടേക്ക് ചെയ്‌തോയെന്നും ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോയെന്നും കണ്ടില്ല; മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ ബസ് കണ്ടക്ടര്‍

തിരുവനന്തപുരം മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ബസിലെ കണ്ടക്ടറുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. താന്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് കണ്ടക്ടര്‍ സുബിന്റെ മൊഴി. പിന്‍ സീറ്റിലായിരുന്നതിനാല്‍ കാര്യങ്ങള്‍ തനിക്ക് വ്യക്തമായിരുന്നില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ല. ബഹളമുണ്ടായപ്പോള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ താന്‍ അറിഞ്ഞത്. ഡ്രൈവര്‍ യദു മേയര്‍ക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് ഉള്‍പ്പെടെ അറിയില്ലെന്നും കണ്ടക്ടര്‍ മൊഴി നല്‍കി. (bus conductor about conflict between Mayor arya Rajendran and driver Yedhu)

ബസ് സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ വച്ച് തടഞ്ഞപ്പോള്‍ മാത്രമാണ് താന്‍ സംഭവങ്ങള്‍ അറിയുന്നതെന്നാണ് കണ്ടക്ടറുടെ മൊഴി. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ കണ്ടക്ടറുടെ മൊഴി അതീവ നിര്‍ണായകമായിരുന്നു. എന്നാല്‍ സുപ്രധാനമായ സംഭവങ്ങളൊന്നും താന്‍ കണ്ടില്ലെന്ന മൊഴിയാണ് ഇപ്പോള്‍ കണ്ടക്ടറില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

അതേസമയം കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Exit mobile version