ന്യൂഡൽഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചു. വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം. മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻ പിള്ള. 2011 – 14 കാലത്ത് വക്കം പുരുഷോത്തമനും 2018 – 19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവർണർമാരായിരുന്നു. കുമ്മനം രാജശേഖരന്റെ പിൻഗാമിയായാണ് ശ്രീധരൻ പിള്ള മിസോറമിലേക്ക് ഗവർണറായി പോകുന്നത്.
എല്ലാം നല്ലതിനാണെന്ന് കരുതുന്നതായി പി.എസ് ശ്രീധരൻപിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ സ്ഥാനമാനങ്ങൾക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ഇന്നുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഗവർണറാകുന്നത് സംബന്ധിച്ച ശുപാർശ നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പ്രധാനമന്ത്രി നാലു ദിവസം മുമ്പ് വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. മിസോറം ഗവർണർ സ്ഥാനത്ത് മലയാളികൾ മുമ്പും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകൾ ഗവർണർ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരചയസമ്പന്നനല്ല എന്നുമാത്രമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരൻ പിള്ള കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദമെടുത്തിട്ടുണ്ട്. 2003-2006 കാലത്തും ശ്രീധരൻ പിള്ള ബിജെപിയുടെ പ്രസിഡന്റായിരുന്നു. പൊതു സിവിൽ കോഡ് എന്ത്? എന്തിന്?, സത്യവും മിദ്ധ്യയും, പുന്നപ്ര വയലാർ – കാണാപ്പുറങ്ങൾ, ഭരണഘടന പുനരവലോകനത്തിന്റെ പാതയിൽ, പഴശ്ശിസ്മൃതി, ഒഞ്ചിയം ഒരു മരണവാറണ്ട് തുടങ്ങിയ കൃതികൾ ശ്രീധരൻപിള്ള രചിച്ചിട്ടുണ്ട്.
അതിനിടെ, ജമ്മു കശ്മീർ ഗവർണർ ആയിരുന്ന സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മർമുവാണ് ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ. രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണറായും നിയമിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെയാണ് ലഫ്. ഗവർണർമാരുടെ നിയമനം