Pravasimalayaly

പി. ജയരാജന് സുരക്ഷ കൂട്ടി പൊലിസ്

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ നീക്കമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലിസ് സുരക്ഷ ശക്തമാക്കി. ജയരാജന് ഇപ്പോഴുള്ള ഗണ്‍മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്‍ പങ്കെടുക്കുന്ന പരിപാടിക്കും യാത്രാ മാര്‍ഗത്തിലും ഉള്‍പ്പെടെ സുരക്ഷയൊരുക്കാനാണ് പൊലിസ് തീരുമാനം.

അതേസമയം ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നടത്തിയതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെണ്ടുട്ടായി പുത്തന്‍കണ്ടം പ്രണൂബ് ഇന്നലെ ഒരു സ്വകാര്യ ചാനല്‍ മുന്‍പാകെ എത്തി താന്‍ ഇത്തരം ഒരു ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തി. പ്രണൂബ് ഒളിവിലാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുമ്പോഴാണ് അദ്ദേഹം ചാനല്‍ മുന്‍പാകെ എത്തുന്നത്.

ഇത്തരം ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതിനു പിന്നില്‍ സി.പി.എമ്മിന്റെ ഗൂഢതന്ത്രമാണെന്നുമാണ് പ്രണൂബ് പറയുന്നത്. രണ്ടു തവണ തന്നെ സി.പി.എം കള്ളകേസില്‍ കുടുക്കിയെന്നും അച്ഛനെ കൊലപ്പെടുത്തിയ ശേഷം സി.പി.എം പ്രവര്‍ത്തകര്‍ മൃതദേഹം മറവുചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ലെന്നും പ്രണൂബ് പറയുന്നു. തനിക്കെതിരേയുള്ള ആരോപണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കതിരൂരിലെ മനോജിന്റെയും ധര്‍മടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം വീട്ടാനാണ് ജയരാജന് നേരെയുള്ള ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് പൊലിസ് പറയുന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രണോബ് വാഹനവും പണവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയെന്നുമാണ് വിവരം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version