തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം അഡി.സെഷൻസ് കോടതി 20ന് വിധി പറയും. കേസിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായി.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അതേസമയം, രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് എൽദോസ് കുന്നപ്പിള്ളിയെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കേസിൽ എൽദോസിനെ കൂടാതെ സ്വാധീനമുള്ള പ്രതികൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കോവളം സിഐയ്ക്കൊപ്പം ചില സ്വാധീനമുള്ള ആളുകളും കേസ് ഒതുക്കിത്തീർക്കാൻ നോക്കി. എൽദോസിനെതിരെ എഫ്ഐആർ എടുത്ത ദിവസം മാത്രമാണ് അദ്ദേഹത്തിന്റെ ഫോൺ മോഷണം പോയതായി ഭാര്യ പൊലീസിൽ പരാതി നൽകിയത്. ജാമ്യം അനുവദിക്കുന്നത് യുവതിയുടെ ജീവനു ഭീഷണിയാകുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചോ എന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. ശേഖരിച്ചു വരികയാണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.
ശാരീരിക, മാനസിക, ലൈംഗിക കാര്യങ്ങളിൽ ആരോപണം കേന്ദ്രീകരിച്ച് വ്യക്തികൾക്കെതിരെ കേസ് നൽകുന്നയാളാണ് പരാതിക്കാരിയെന്ന് പ്രതിഭാഗം വാദിച്ചു. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. സർക്കാരും മാധ്യമങ്ങളുമാണ് പരാതിക്കാരിയെ സംരക്ഷിക്കുന്നത്. എൽദോസിന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുൻപ് സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ പീഡനപരാതി നൽകിയ ആളാണ് പരാതിക്കാരി. അവർക്കെതിരെ വാദിയായും പ്രതിയായും എഴു കേസുകളുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തിയതോടെയാണ് മുൻകൂർ ജാമ്യപേക്ഷയുമായി എൽദോസ് കുന്നപ്പിള്ളി കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.