Pravasimalayaly

പീഡനക്കേസ് : ചാലിയം കോസ്റ്റൽ ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. ഇൻസ്പെക്ടർ പി.ആർ.സുനുവാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിൽ ആയത്. മെയ് മാസത്തിൽ തൃക്കാക്കരയിൽ നടന്ന സംഭവത്തിലാണ് തൃക്കാക്കര പൊലീസ് കോഴിക്കോട് കോസ്റ്റൽ സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇൻസ്പെക്ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സുനുവിനെ അറസ്റ്റ് ചെയ്തത്. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയിൽ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎ‍പിയെ വിവരം അറിയിച്ചിരുന്നു.

യുവതിയുടെ ഭർത്താവ് ഒരു തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എസ്എച്ച്ഒ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ മൊഴി നൽകിയിട്ടുണ്ട്.

സിഐ ഉൾപ്പെടെയുള്ളവരുടെ ഭീഷണി കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും വീട്ടമ്മ അറിയിച്ചിട്ടുണ്ട്. കേസിൽ സിഐ സുനു മൂന്നാം പ്രതിയാണ്. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ 6 പ്രതികളാണ് കേസിലുള്ളത്. ഇന്നലെയാണ് വീട്ടമ്മ തൃക്കാക്കര പൊലീസിന് പരാതി നൽകിയത്.

സുനു നേരത്തെയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്. മുളവുകാട് സ്റ്റേഷനിൽ ജോലി ചെയ്യവേ, ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ കേസിൽ ഇയാൾ റിമാൻഡിൽ ആയിട്ടുണ്ട്. തുടർന്നാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ 7 മാസമായി പി.ആർ.സുനു കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ്

Exit mobile version