Pravasimalayaly

പീഡനക്കേസ് വന്നപ്പോള്‍ മനസിലായി ആരൊക്കെ എന്നോടൊപ്പം ഉണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് കൃത്യമായറിയാം: ഉണ്ണി മുകുന്ദന്‍

മലയാളത്തിലെ യുവനായകന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനകേസ് ആരാധകരെ ഞെട്ടിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴി പുറത്തുവന്നതോടെ നടന്‍ നിരപരാധിയാണോ കുറ്റവാളിയാണോ എന്ന് ആളുകള്‍ക്കിടയില്‍ സംശയമുയര്‍ന്നിരുന്നു. എങ്കിലും നടന്റെ സിനിമയെ പിന്തുണയ്ക്കാന്‍ ആളുകള്‍ മറന്നില്ല. കേസിനിടയില്‍ തന്നെ നിരവധി ചിത്രങ്ങള്‍ ഉണ്ണിയുടെ പുറത്തിറങ്ങി.

കഴിഞ്ഞ ദിവസം കേസിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തി. കേസ് വിചാരണയില്‍ ഇരിക്കുന്നത് കൊണ്ട് കൂടുതല്‍ പറയാനാകില്ലെന്നും എന്നാല്‍ ആ കേസ് തനിക്ക് ഗുണം ചെയ്തുമെന്നാണ് ഉണ്ണി പറഞ്ഞത്.

ഉണ്ണിയുടെ വാക്കുകള്‍:

സ്ത്രീപീഡന വിവാദത്തെ പറ്റി കാര്യങ്ങള്‍ തുറന്ന് പറയണമെന്നുണ്ട്. എന്നാല്‍ വിചാരണയില്‍ ഇരിക്കുന്ന കേസായതിനാല്‍ അതിനെപ്പറ്റി സംസാരിക്കാന്‍ പാടില്ല എന്ന് നിര്‍ദേശമുണ്ട്. ആ കേസ് വന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും പോസിറ്റീവായ സമയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സിനിമകള്‍ വിജയിക്കുന്നു, എന്നെക്കുറിച്ച് നല്ലത് ആളുകള്‍ പറയുന്നു. ചില സമയത്ത് നമ്മള്‍ വിചാരിക്കും നമുക്ക് ഇത്രയും കൂട്ടുകാര്‍ ഉണ്ട് എന്ത് വന്നാലും അവര്‍ കൂടെ തന്നെ ഉണ്ടാകുമെന്നൊക്കെ.

സത്യത്തില്‍ ഈ കേസുമായി പങ്കുചേര്‍ന്ന ആളുകളോടും എല്ലാവരോടും എനിക്ക് നന്ദി പറയാനാണുള്ളത്. എന്താണെന്ന് വച്ചാല്‍ ഇങ്ങനെ ഒരു കേസ് ഉണ്ടായതിനുശേഷം എന്റെ ജീവിതത്തിലെ സകല നെഗറ്റിവിറ്റിയും പോയി. ഇന്നെനിക്ക് കൃത്യമായറിയാം എന്റെ കൂടെ ആരൊക്കെയുണ്ടാകുമെന്ന്, ഞാന്‍ ഫോണ്‍ വിളിച്ചാല്‍ ആരെല്ലാം ഫോണ്‍ എടുക്കും എന്നെല്ലാം.

കേസ് ആരംഭിക്കുന്നതിന് മുന്‍പ് എനിക്ക് നൂറ്റിയമ്പതോളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അത് വല്ലാതെ ചുരുങ്ങി. എന്റെ ജീവിതം ശരിക്കും ശുദ്ധീകരിക്കപ്പെട്ടു. ഈ മുപ്പത് മുപ്പത്തിയൊന്നാം വയസില്‍ ഇങ്ങനെയൊന്ന് ഉണ്ടാവേണ്ടത് എന്നെപ്പോലൊരാള്‍ക്ക് ആവശ്യമായിരുന്നു. ഞാന്‍ തിരിച്ചറിയുകയാണ്, എന്റെ ജീവിതത്തില്‍ ഞാനീ വിചാരിച്ച ആളുകള്‍ ഒന്നും എന്റെ കൂടെയില്ല എന്ന്.

അതെന്നെ ഒട്ടും നിരുത്സാഹപ്പെടുത്തുന്നില്ല. അച്ഛനോടും അമ്മയോടും ഞാന്‍ പറഞ്ഞു ഇതെന്നെ ഒട്ടും അസ്വസ്ഥനാക്കുന്നില്ലെന്ന്. എന്തൊക്കെയോ നല്ലത് മാത്രമേ ഈ പ്രശ്‌നത്തിലൂടെ സംഭവിച്ചിട്ടുള്ളു.

Exit mobile version